തൃശൂർ: അനിശ്ചിതത്വത്തിലായ തൃശൂർ പൂരം വെടിക്കെട്ട് നിയന്ത്രണങ്ങൾ പാലിച്ച് നടത്തുമെന്ന സംസ്ഥാന മന്ത്രിമാരുടെ പ്രഖ്യാപനം പകരുന്ന പ്രതീക്ഷയിൽ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ പന്തലിന് ബുധനാഴ്ച കാൽ നാട്ടും. സ്വരാജ് റൗണ്ടിൽ മണികണ്ഠനാലിൽ രാവിലെ 9.30നാണ് കാൽനാട്ടൽ. പാറമേക്കാവ് മേക്കാവ് മേൽശാന്തി കാരക്കാട്ട് രാമൻ നമ്പൂതിരി ഭൂമി പൂജ നിർവഹിക്കും. എടപ്പാൾ നാദം സൗണ്ട് ആൻഡ് ഇലക്ട്രിക്കൽസ് ഉടമ സി. ബൈജുവിനാണ് പന്തൽ നിർമാണ ചുമതല.
തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വേല വെടിക്കെട്ടിന് ഹൈകോടതി നിബന്ധനകളോടെ അനുമതി നൽകിയിരുന്നു. ഇതേ നിബന്ധകൾ പാലിച്ച് പൂരം വെടിക്കെട്ടിനും അനുമതി നൽകാനാവുമോ എന്ന് സർക്കാർ നിയമോപദേശം തേടിയതിന് അനുകൂല മറുപടി ലഭിച്ചതായാണ് സൂചന. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരായ കെ. രാജനും ആർ. ബിന്ദുവും പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.
വെടിക്കെട്ടിന് തീ കൊളുത്തുന്നതിന് മുമ്പ് വെടിമരുന്നുകൾ സൂക്ഷിക്കുന്ന അറകൾ കാലിയാക്കണമെന്ന വ്യവസ്ഥയിലാണ് വേല വെടിക്കെട്ടിന് അനുമതി നൽകിയത്. ഇതുതന്നെ പൂരത്തിന്റെ കാര്യത്തിലും നടപ്പാക്കാമെന്ന് ഹൈകോടതിയെയും മറ്റും അറിയിച്ച് അതനുസരിച്ചുള്ള ദൂരപരിധി പാലിച്ച് വെടിക്കെട്ട് നടത്താനാണ് ശ്രമം. അതേസമയം, ഇപ്പോഴത്തെ അനിശ്ചിതത്വത്തിന് ഇടയാക്കിയ കേന്ദ്ര നിയമത്തിലെ വ്യവസ്ഥകളിൽ ഇളവ് വരുത്താൻ സുരേഷ് ഗോപി എം.പിയുടെ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ദേവസ്വം പ്രതിനിധികളെ ഡൽഹിയിൽ കൂടിക്കാഴ്ചക്ക് വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അവർ അക്കാര്യം അറിഞ്ഞില്ല, കൂടിക്കാഴ്ച നടന്നതുമില്ല.
സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന് റവന്യൂമന്ത്രി അഡ്വ. കെ. രാജനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സാധാരണരീതിയിൽ വെടിക്കെട്ട് നടത്തുന്നതിൽ പ്രയാസമില്ല. വെടിമരുന്ന് സൂക്ഷിക്കുന്ന അറ ശൂന്യമാക്കി വെക്കണമെന്ന പൊതുനിബന്ധന പാലിച്ചാണ് ഇപ്രാവശ്യം പൂരത്തിന് വെടിക്കെട്ട് നടത്തുക. പൂരത്തിന്റെ എല്ലാ ശോഭയും വെടിക്കെട്ടിന് ഉണ്ടാകുമെന്നും നിയമോപദേശം സ്വീകരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി രാജൻ പറഞ്ഞു.
ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പൂർണസുരക്ഷ ഉറപ്പുവരുത്തി എല്ലാവർക്കും വെടിക്കെട്ട് ആസ്വദിക്കാൻ വേണ്ട നടപടി സ്വീകരിക്കും. നിയമപരമായി നിന്നുകൊണ്ടുതന്നെ പ്രയാസങ്ങളില്ലാത്ത രീതിയിൽ ജനങ്ങളുടെ അഭിലാഷത്തിനനുസരിച്ച് വെടിക്കെട്ട് നടത്തുന്നതിന് വേണ്ട നടപടികൾ ജില്ല ഭരണകൂടം സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. വാർത്ത സമ്മേളനത്തിൽ മന്ത്രിമാർക്കൊപ്പം കലക്ടർ അർജുൻ പാണ്ഡ്യനും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.