എതിർപ്പുകൾക്കിടയിലും ചെറുകിട ജലവൈദ്യുതി പദ്ധതികളുമായി കോര്‍പറേഷൻ

വിഷയം ചർച്ച ചെയ്യാൻ കോവിഡ് കാലത്ത് പ്രത്യേക കൗൺസിൽ യോഗം തിങ്കളാഴ്ച തൃശൂർ: ഏറെ എതിർപ്പുകളുയർന്ന ജലവൈദ്യുതി പദ്ധതികൾ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ തുടർന്ന് കോർപറേഷൻ. പദ്ധതി പുരോഗതി വിലയിരുത്താനായി തിങ്കളാഴ്ച പ്രത്യേക കൗൺസിൽ യോഗം മേയർ വിളിച്ചുചേർത്തിട്ടുണ്ട്. കോവിഡ്കാലത്ത് അസാധാരണ സാഹചര്യം നിലനിൽക്കെ ഇപ്പോൾ ജലവൈദ്യുതി പദ്ധതികളുമായെത്തുന്നതിൽ ദുരൂഹതയുണ്ടെന്നും കോർപറേഷനെ കടക്കെണിയിലാക്കുന്നതുമാണെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. നാല് ചെറുകിട ജലവൈദ്യുതി പദ്ധതികളാണ് കോർപറേഷൻ ഏറ്റെടുക്കുന്നത്. ലാഭകരമാകില്ലെന്നും കണ്‍സൽട്ടന്‍സിയാകാന്‍ താൽപര്യമില്ലെന്നും കെ.എസ്.ഇ.ബി രേഖാമൂലം വ്യക്തമാക്കിയ പദ്ധതിയുമായി കോര്‍പറേഷന്‍ അധികൃതര്‍ മുന്നോട്ടുപോകുന്നതില്‍ ദുരൂഹതയുണ്ടെന്നും ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ജോൺ ഡാനിയേൽ ആവശ്യപ്പെട്ടു. നാല്​ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാറിലേക്ക് 3.08 കോടി കോര്‍പറേഷന്‍ നല്‍കിയിട്ടുണ്ട്. ഈ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ കണ്‍സൽട്ടന്‍സിയായി കോര്‍പറേഷന്‍ കെ.എസ്.ഇ.ബിയെ ആണ് നിയോഗിച്ചത്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് 32 ലക്ഷം രൂപയും കെ.എസ്.ഇ.ബിക്ക് കോര്‍പറേഷന്‍ നല്‍കിയിരുന്നു. എന്നാല്‍, 2019 ഫെബ്രുവരിയില്‍ കണ്‍സൽട്ടന്‍സി ആയി പ്രവര്‍ത്തിക്കുന്നതിന് താൽപര്യമില്ലെന്ന് കാണിച്ച് കെ.എസ്.ഇ.ബി കത്ത് നല്‍കിയെങ്കിലും പദ്ധതിയിൽനിന്ന്​ കോർപറേഷൻ പിന്മാറിയില്ല. കോവിഡ് കാലത്ത് ഇത്തരം പദ്ധതികൾക്കായി ശ്രമിക്കുന്നത് കോർപറേഷനെ കടക്കെണിയിലാക്കാനുള്ളതാണെന്നാണ് കോൺഗ്രസ് ആരോപണം. തിങ്കളാഴ്ചയിലെ കൗൺസിൽ യോഗം മാറ്റിവെക്കണമെന്ന് പ്രതിപക്ഷ കക്ഷിനേതാവ് രാജൻ പല്ലൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.