ഫ്ലാറ്റിലെ കൊലപാതകം: യൂത്ത് കോൺഗ്രസ്‌ നേതാവും കാമുകിയും ഉൾപ്പെടെ അഞ്ച് പേർ കുറ്റക്കാർ

കെ.പി.സി.സി മുൻ സെക്രട്ടറിയെ വെറുതെ വിട്ടു നിർണായകമായത് അഞ്ച് വയസ്സുകാരിയുടെ മൊഴി തൃശൂർ: അയ്യന്തോളിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ്‌ നേതാവുൾപ്പെടെ അഞ്ച് പേർ കുറ്റക്കാർ. ശിക്ഷ തൃശൂർ ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജൂ​ൈല 13ന് പ്രഖ്യാപിക്കും. ഒറ്റപ്പാലം സ്വദേശി സതീശനെ 2016 മാർച്ച്‌ മൂന്നിന് അയ്യന്തോളിലെ ഫ്ലാറ്റിൽ മർദനമേറ്റ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയതാണ് കേസ്​. മുൻ കെ.പി.സി.സി സെക്രട്ടറി എം.ആർ. രാമദാസ്, യൂത്ത് കോൺഗ്രസ്‌ നേതാവ്​ റഷീദ്, ഇയാളുടെ കാമുകി ശാശ്വതി എന്നിവരുൾപ്പെടെ എട്ട് പേരായിരുന്നു പ്രതികൾ. തെളിവുകളുടെ അഭാവത്തിൽ രാമദാസിനെ വെറുതെ വിട്ടു. ഒന്നാംപ്രതി കൃഷ്ണപ്രസാദ്, രണ്ടാംപ്രതി റഷീദ്, മൂന്നാം പ്രതി ശാശ്വതി, നാലാം പ്രതി രതീഷ്, എട്ടാം പ്രതി സുജീഷ് എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഒന്ന്​ മുതൽ മൂന്ന് വരെ പ്രതികൾക്ക് നേരിട്ട് പങ്കുള്ളതായി കോടതി കണ്ടെത്തി. കൊലപാതകം നടത്തിയവർക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയതാണ് നാലും എട്ടും പ്രതികൾ ചെയ്ത കുറ്റം. യൂത്ത് കോൺഗ്രസ്‌ നേതാവായ​ റഷീദ് പുതുക്കാട് മണ്ഡലം മുൻ പ്രസിഡൻറാണ്​. റഷീദും മൂന്നാം പ്രതി ശാശ്വതിയും തമ്മിലുള്ള ബന്ധവും റഷീദി​ൻെറ ദുരൂഹമായ സാമ്പത്തിക ഇടപാടുകളും സതീശൻ ചിലരോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. 2016 ഫെബ്രുവരി 29ന് അയ്യന്തോളിലെ ഫ്ലാറ്റിലെത്തിയ സതീശനെ കൃഷ്ണപ്രസാദും റഷീദും ശാശ്വതിയും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. ശാശ്വതിയുടെ അഞ്ച് വയസ്സുള്ള മകൾ മർദനത്തിന് സാക്ഷിയായിരുന്നു. കുട്ടിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. കൊലപാതകശേഷം റഷീദ് കോൺഗ്രസ്‌ നേതാവ് രാംദാസി​ൻെറ വീട്ടിലെത്തിയതും രാംദാസ് അന്ന് തന്നെ കൊലപാതകം നടന്ന ഫ്ലാറ്റിൽ പോയതും കുറ്റപത്രത്തിലുണ്ടായിരുന്നു. ഇപ്പോഴത്തെ തൃശൂർ അസി. കമീഷണർ വി.കെ. രാജുവായിരുന്നു അന്വേഷണോദ്യോഗസ്ഥൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.