നെൽപിണി ക്ഷേത്രത്തിലെ ശിലാലിഖിതത്തിന് പത്ത് നൂറ്റാണ്ടോളം പഴക്കം

കൊടുങ്ങല്ലൂർ: മുസ്​രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയ ശ്രീനാരായണപുരം നെൽപിണി ക്ഷേത്രത്തിൽ കണ്ടെത്തിയ പൗരാണിക ശിലാലിഖിതത്തിന് പത്ത് നൂറ്റാണ്ടോളം പഴക്കമെന്ന്​ നിഗമനം. ക്ഷേത്ര ശ്രീകോവിലിൻെറ തറയിൽ സോപാനത്തി​ൻെറ വടക്കുഭാഗത്താണ് ചെറിയ ശിലാലിഖിതം കണ്ടെത്തിയത്. ചൊവ്വാഴ്​ച മുസ്​രിസ് പൈതൃക പദ്ധതി അധികൃതരുടെ ക്ഷേത്രസന്ദർശനത്തിനിടയിലാണ് തീരദേശ പൈതൃക പഠനകേന്ദ്രം ഡയറക്ടർ പ്രഫ. കേശവൻ വെളുത്താട്ട് ഈ പൗരാണിക ലിഖിതം വായിച്ചെടുത്തത്. ആദ്യ വരിയിലെ ആദ്യത്തെ മൂന്ന് അക്ഷരങ്ങളും അവസാന വരിയിലെ ഒടുവിലെ അക്ഷരങ്ങളും 'ഗ്രന്ഥാക്ഷര'ങ്ങളാണ്. ബാക്കിയെല്ലാം വട്ടെഴുത്തും. സോപാനത്തിൻെറ കൈവരി കല്ലുകൾ ലിഖിതത്തിൻെറ മുകളിലൂടെ പടുത്തതിനാൽ ഓരോ വരിയിലും അവസാനത്തെ ഒന്നോ രണ്ടോ അക്ഷരങ്ങൾ േക്രാഡീകരിക്കാൻ സാധിച്ചില്ല. അമ്പത് കൊല്ലം മുമ്പ്​ ഡോ. എം.ജി.എസ്. നാരായണൻ, ഡോ. എം.ആർ. രാഘവ വാര്യർ എന്നിവർ ഈ ക്ഷേത്രം സന്ദർശിച്ച് പഠനം തയാറാക്കിയിരുന്നു. ഇതുമായി ഒത്തുനോക്കിയാണ് ലിഖിതം വായിച്ചെടുത്തത്. മുസ്​രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷേത്രത്തിൽ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തുക അനുവദിച്ചിരുന്നു. ഇതി​ൻെറ ഭാഗമായാണ് അധികൃതർ ക്ഷേത്രം സന്ദർശിച്ചത്. എട്ടാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിന് പുരാതനമായ തൃക്കണാമതിലകം ചരിത്രവുമായി ബന്ധമുണ്ട്. പടിഞ്ഞാറ് ദിശയിലേക്ക് ദർശനമായിട്ടുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണിത്. മലയാള ലിപിയുടെ ആദ്യകാല രൂപമായ വട്ടെഴുത്ത് ക്ഷേത്രത്തിലെ കരിങ്കൽ തൂണുകളിൽ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. മതിലകത്ത് നിന്ന്​ പലവട്ടം വട്ടെഴുത്ത് ശിലകൾ കണ്ടെത്തിയിട്ടുണ്ട്. മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ്, കോഓഡിനേറ്റർ എം.കെ. ജോസഫ്, മ്യൂസിയം മാനേജർ ഡോ. മിഥുൻ ശേഖർ എന്നിവരാണ് സന്ദർശക സംഘത്തിലുണ്ടായിരുന്നത്. ഫോട്ടോ: Tcg Shila likhidham ശ്രീനാരായണപുരം നെൽപിണി ക്ഷേത്രത്തിൽ കണ്ടെത്തിയ പൗരാണിക ശിലാലിഖിതം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.