തൊടുപുഴ: പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ പൊതുജന സൗഹൃദമാക്കുമെന്ന് ജില്ലയുടെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ വി.യു. കുര്യാക്കോസ്. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം സംബന്ധിച്ച കേസുകൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
പോക്സോ വകുപ്പ് ചുമത്തപ്പെടുന്ന കേസുകളുടെ കാര്യത്തിൽ കൃത്യമായ തുടർനിരീക്ഷണവും നടപടിയുമുണ്ടാകും. ഇത്തരം സംഭവങ്ങളിൽ കുറ്റവാളികൾക്കെതിരെ സമയബന്ധിതമായി കേസെടുത്ത് എത്രയും വേഗം കോടതിയിലെത്തിക്കുന്നതിന് മുൻഗണന നൽകും. കുറ്റാന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികളും പരിഗണനയിലുണ്ട്. കേസുകളിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കാനും യഥാസമയം കോടതിയിലെത്തിച്ച് കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി നൽകാനുമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പഴയ കേസുകളിൽ മിക്കതിലും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ലോക്കൽ പൊലീസ് അന്വേഷിക്കുന്ന കേസുകളിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയാത്തവയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കും.
പൊലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് നിർഭയം സഹായം തേടിയെത്താവുന്ന കേന്ദ്രങ്ങളായി മാറേണ്ടതുണ്ട്. അതിനാൽ അവയെ പൊതുജനസൗഹൃദമാക്കാനുള്ള നടപടികൾക്ക് മുൻഗണന നൽകും. പൊലീസിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറ്റിയെടുക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
സ്റ്റേഷനിലെത്തുന്നവരോട് പൊലീസിന്റെ ഭാഗത്തുനിന്ന് മാന്യമായ സംസാരവും സൗഹൃദപരമായ ഇടപെടലും ഉറപ്പാക്കും. അതേസമയം, നിയമം വിട്ടുവീഴ്ചയില്ലാതെ കൃത്യമായി നടപ്പാക്കപ്പെടുകയും വേണം. ഇതിനാവശ്യമായ പ്രവർത്തനങ്ങൾക്കാകും ഊന്നൽ നൽകുക. മഴക്കാലം മുൻനിർത്തി ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.