കക്കാട് പദ്ധതി: വൈദ്യുതോൽപാദനം പുനരാരംഭിച്ചു

വടശേരിക്കര: കക്കാട് ജലവൈദ്യുതി പദ്ധതിയിൽ വൈദ്യുതോൽപാദനം പൂർണതോതിൽ പുനരാരംഭിച്ചു. പദ്ധതിയുടെ സർജ് ഷാഫിറ്റിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായതിനെത്തുടർന്ന് മൂഴിയാർ-സീതത്തോട് പവർ ടണലിൽ ഞായറാഴ്ച രാത്രി 12.30ഓടെ പൂർണതോതിൽ വെള്ളം നിറഞ്ഞു. തുടർന്ന് വൈദ്യുതോൽപാദനം പുനരാരംഭിക്കുകയായിരുന്നു. അണക്കെട്ട് സുരക്ഷ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ സർജ് ഷാഫ്റ്റ് കവാടത്തിലെ ഷട്ടർ മാറ്റിസ്ഥാപിക്കുന്നതിനും ടണലിലെ കോൺക്രീറ്റ് ഉൾപ്പെടെ ജോലികൾക്കും ജനറേഷൻ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ പവർഹൗസിലെ രണ്ട് മെയിൻ ഇൻലെറ്റ് വാൽവിന്‍റെ സീലുകൾ മാറ്റുന്നതിനുമായി കഴിഞ്ഞ മാസം 16നാണ് പദ്ധതി ഷട്ട്ഡൗൺ ചെയ്തത്.

വരുന്ന 15 വരെയാണ് ഷട്ട്ഡൗൺ തീരുമാനിച്ചിരുന്നത്. എന്നാൽ, നിശ്ചയിച്ചിരുന്നതിനെക്കാളും നാലുദിവസം മുമ്പേ സർജ് ഷാഫ്റ്റിലെ ജോലികൾ പൂർത്തിയായി. ടണലിലേക്ക് വെള്ളിയാഴ്ച ഉച്ചമുതൽ വെള്ളം തുറന്നുവിട്ടുതുടങ്ങി. മൂഴിയാർ അണക്കെട്ടിലെ പവർ ടണൽ കവാടത്തിന്‍റെ ഷട്ടർ കുടുതലായി ഉയർത്തിയിരുന്നു. ഞായറാഴ്ച രാത്രി 12.30ഓടെ ടണൽ പൂർണമായും നിറഞ്ഞു.

ടണൽ നിറഞ്ഞശേഷം വൈദ്യുതി ഉൽപാദനത്തിനായി ഞായാറാഴ്ച രാവിലെ എട്ടിന് ടണലിന്‍റെ ഗേറ്റ് പൂർണമായും ഉയർത്തി. അണക്കെട്ട് സുരക്ഷ വിഭാഗം ചീഫ് എൻജിനീയർ എസ്. സുപ്രിയ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടിവ് എൻജിനീയർ എം.എസ്. പ്രദീപ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ സക്കീർ ഹുസൈൻ, ആഗേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് ടണൽ ഗേറ്റ് പൂർണമായും ഉയർത്തിയത്. 50 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള കക്കാട് പദ്ധതിയിൽ അണക്കെട്ട് സുരക്ഷ വിഭാഗം 2019ൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർജ് ഷാഫ്റ്റിലെ ഷട്ടറിന്‍റെ ജോലികൾ ഇപ്പോൾ ചെയ്തിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.