വടശ്ശേരിക്കര: കുമ്പളത്താമൺ നിവാസികളെ ഭീതിയിലാഴ്ത്തുന്ന കടുവ നാലാംദിനവും കൂട്ടിലായില്ല. വടശ്ശേരിക്കര കുമ്പളത്താമൺ ജംഗിൾ ബുക്ക് ഫാമിലെ പോത്തിനെ തിങ്കളാഴ്ച കടുവ കൊന്നിരുന്നു. തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ചൊവ്വാഴ്ച രാത്രിയും കടുവ കൂടിനു സമീപമെത്തിയെങ്കിലും ഉള്ളിൽ കയറാതെ മടങ്ങി. കൂടിന് സമീപം കാൽപാടുകൾ കണ്ടതോടെയാണ് വീണ്ടും കടുവയെത്തിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം രാത്രിയിലും കടുവ കൂട്ടിനടുത്ത് എത്തിയിരുന്നു. കൂട് അടഞ്ഞ നിലയിലുമായിരുന്നു.
കമ്പികൾക്കിടയിലൂടെ ഇരയെ എടുക്കാൻ നടത്തിയ ശ്രമത്തിനിടയിലായിരിക്കാം കൂട് അടഞ്ഞതെന്നാണ് വനപാലകർ കരുതുന്നത്.തിങ്കളാഴ്ച വൈകുന്നേരം നാലിനാണ് ഫാമിൽ മേയാൻ കെട്ടിയിരുന്ന പോത്തിനെ ചത്തനിലയിൽ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിലായിരുന്നു. തുടർന്ന് വനപാലകർ സ്ഥലതെത്തി കാമറ സ്ഥാപിച്ചു. ഇതിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോത്തിനെ കൊന്നത് കടുവയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് കൂട് വെക്കാൻ തീരുമാനിച്ചു.
ഇതിനായി വനപാലകരും നാട്ടുകാരുമെത്തുമ്പോൾ കടുവ പോത്തിന്റെ മാംസം തിന്നുകയായിരുന്നു. വെടിയുതിർത്ത് കടുവയെ ഓടിച്ച ശേഷമാണ് കൂട് സ്ഥാപിച്ചത്. കടുവ തന്നെ കൊന്ന പോത്തിന്റെ ബാക്കി മാംസമാണ് കൂട്ടിൽ വച്ചത്. കടുവ പ്രദേശം പോകാനിടയില്ലെന്നും ഇവിടേക്ക് ആരും പോകരുതെന്ന് വനപാലകർ കർശന നിർദേശം നൽകി.
കഴിഞ്ഞദിവസം സമീപത്തെ വീടിന്‍റെ മുറ്റത്തും കടുവയെത്തി. താന്നിനിൽക്കുംകാലായിൽ സായുജ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വീട്ടുമുറ്റത്ത് കടുവയെ കണ്ടതോടെ ഭയന്ന് ഓടി മാറിയ സായുജ് രക്ഷപ്പെടുകയായിരുന്നു. സായുജിന്‍റെ നിലവിളിയും വീട്ടുകാരുൾപ്പെടെയുള്ളവരുടെ ബഹളവും കേട്ട് കടുവ സമീപത്തെ റബർ തോട്ടത്തിലേക്ക് ഓടി മറഞ്ഞു.
കടുവക്ക് പുറമേ കാട്ടാനകളും കുമ്പളത്താമൺ, ഒളികല്ല് മേഖലകളിൽ വിലസുകയാണ്. കൈത, ഏത്തവാഴ എന്നിവ ആന നശിപ്പിച്ചു. വന്യമൃഗശല്യം കൂടിയതോടെ പകലും യാത്ര ചെയ്യാൻ ജനം ഭയക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.