തെരുവിൽനിന്ന് എടുത്തുവളർത്തിയ യജമാനനെ അവസാനമായി കാണാൻ ടൈഗർ എത്തി

തിരുവല്ല: തെരുവിൽ നിന്നും തന്നെ എടുത്തു വളർത്തിയ പ്രിയ യജമാനനെ അവസാനമായി ഒരു നോക്കു കാണാൻ തിക്കിലും തിരക്കിലും ആംബുലൻസിന് ഉള്ളിൽ കയറിപ്പറ്റിയ ടൈഗർ എന്ന നായയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൈറലാകുന്നു. നവംബർ മാസം രണ്ടാം തീയതി അന്തരിച്ച തിരുവല്ല മേപ്രാൽ കട്ടപ്പുറത്ത് പാലത്തിട്ടയിൽ വീട്ടിൽ പി.എം. മാത്യുവിന്റെ ( തങ്കച്ചൻ-69 ) മൃതദേഹം സംസ്കരിക്കുന്നതിനായി സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിലേക്ക് കയറ്റുന്നതിനിടെ വീടിൻറെ പിൻവശത്ത് ചങ്ങലയിൽ ബന്ധിച്ചിരുന്ന ടൈഗർ ചങ്ങല പൊട്ടിച്ച് വീടിന്റെ ചുറ്റുമതിലും ചാടിക്കടന്ന് ആംബുലൻസിന് അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.

തുടർന്ന് ആംബുലൻസിന് ചുറ്റിലുമുള്ള തിക്കുംതിരക്കും വകവയ്ക്കാതെ ആംബുലൻസിന് ഉള്ളിൽ കയറി തൻറെ യജമാനനെ ദൈന്യമായ മുഖത്തോടെ ടൈഗർ അവസാനമായി ഒരു നോക്ക് കണ്ടു. ആംബുലൻസിലേക്ക് കയറിയ ടൈഗറെ പിന്തിരിപ്പിക്കാൻ ഒരു ബന്ധു ശ്രമിക്കുന്നതും അത് വകവയ്ക്കാതെ മുഖമുയർത്തി മാത്യുവിനെ കാണുന്ന ടൈഗറിനെയും ദൃശ്യങ്ങളിൽ കാണാം. ഇതിന് ശേഷം ആംബുലൻസിൽ നിന്നും തിരികെ ഇറങ്ങി വീടിന്റെ പോർച്ചിൽ മ്ലാനതയോടെ മുഖമമർത്തി കിടക്കുന്ന ടൈഗർ കണ്ടുനിന്നവരുടെയും കണ്ണുകളെയും ഈറനണിയിച്ചു. ഈ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൈറൽ ആയി മാറിരിക്കുന്നത്.

മാത്യുവിന്റെ ബന്ധുവാണ് കഴിഞ്ഞദിവസം വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. തുടർന്ന് ഏതാനും ദിവസങ്ങൾക്കകം തന്നെ വീഡിയോ വൈറൽ ആവുകയായിരുന്നു. ഏകദേശം നാല് വർഷം മുമ്പാണ് വീടിന് സമീപത്തെ റോഡിൽ നിന്നും രണ്ട് മാസം പ്രായമുള്ള നായക്കുട്ടിയെ മാത്യുവിന് ലഭിച്ചത്. തുടർന്ന് വീട്ടിൽ എത്തിച്ച നായക്കുട്ടിക്ക് ടൈഗർ എന്ന പേരും ഇട്ടു. മക്കൾ രണ്ടുപേരും വിദേശത്തായ മാത്യുവും ഭാര്യ എൽസിയും വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ ടൈഗറിനെ പരിപാലിച്ച് വളർത്തുകയായിരുന്നു.

Tags:    
News Summary - Tiger arrives to meet his master for the last time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.