തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് തമ്പടിച്ച തെരുവുനായ്ക്കൾ
തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് തെരുവുനായ്ക്കൾ കൂട്ടമായി തമ്പടിച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിൽ. അമ്പതോളം നായ്ക്കൾ ആശുപത്രി വളപ്പിൽ വിഹരിക്കുന്നു. പ്രധാന കവാടത്തിന് മുന്നിലും രാപകൽ ഭേദമില്ലാതെ നായകൾ ഭീതി പടർത്തുകയാണ്.
സന്ധ്യ മയങ്ങുന്നതോടെ കൂട്ടത്തോടെ എത്തുന്ന ഇവ കാഷ്വാലിറ്റി ഉൾപ്പെടുന്ന പ്രധാന കെട്ടിടത്തിന് ചുറ്റും അലഞ്ഞുനടക്കുന്നത് ആശുപത്രി ജീവനക്കാർക്കും ഭീഷണിയാകുന്നു. രോഗികൾക്കുള്ള മരുന്നുകളും ഭക്ഷണവും വാങ്ങാൻ എത്തുന്നവർക്ക് നേരെ നായ്ക്കൾ കുരച്ചുചാടുന്നത് പതിവ് കാഴ്ചയാണ്. ആശുപത്രി കെട്ടിടങ്ങൾക്ക് ഉള്ളിലേക്ക് കയറാൻ ശ്രമിക്കുന്ന നായ്ക്കളെ വടിയും കല്ലും ഉപയോഗിച്ചാണ് പലപ്പോഴും തുരത്തി ഓടിക്കുന്നതെന്ന് സെക്യൂരിറ്റി ജീവനക്കാർ പറയുന്നു. മഴ ശക്തമായതോടെ തെരുവുനായ്ക്കളുടെ എണ്ണം വർധിച്ചിട്ടുമുണ്ട്.
ആശുപത്രി വളപ്പിൽ പാർക്ക് ചെയ്യുന്ന വാഹനം എടുക്കാൻ എത്തുന്നവർക്ക് നേരെ നായ്ക്കൾ കുരച്ചു ചാടുന്നതും പതിവാണ്. ആശുപത്രിയിൽ ചികിത്സയിലുള്ള നിർധന രോഗികൾക്ക് രാവിലെയും വൈകീട്ടും സൗജന്യ ഭക്ഷണം വിതരണം ചെയ്യാൻ എത്തുന്ന സന്നദ്ധ സംഘടന പ്രവർത്തകർക്കും നായ്ക്കൾ ബുദ്ധിമുട്ടുണ്ടാക്കുന്നു. തെരുവുനായ് ശല്യം സംബന്ധിച്ച് ആശുപത്രി, നഗരസഭ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം തിരുവല്ല റവന്യൂ ടവർ പരിസരത്തുനിന്നിരുന്ന എട്ടുപേരെ തെരുവുനായ് ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. ഇത് ആശുപത്രിയിലുള്ള കൂട്ടിരിപ്പുകാരിൽ ഭയം വർധിപ്പിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.