കൊടുമൺ: സ്വകാര്യ, കെ.എസ്.ആർ.ടി.സി സർവീസുകൾ കുറഞ്ഞതോടെ ഗ്രാമീണ മേഖലകളിൽ യാത്രാക്ലേശം രൂക്ഷം. കൊടുമൺ-മണിമലമുക്ക്- ഒറ്റത്തേക്ക്, കൊടുമൺ - ആനന്ദപ്പള്ളി, പറക്കോട് -ചിരണിക്കൽ -കൊടു മൺ, പുതുമല തേപ്പുപാറ, അടൂർ- കൊടുമൺ- കോന്നി, അടൂർ - കൊടുമൺ - പത്തനാപുരം, ചന്ദനപ്പള്ളി - അങ്ങാടിക്കൽ- കൂടൽ എന്നീ റൂട്ടുകളിലാണ് യാത്രാ പ്രതിസന്ധി. സർവീസ് നടത്തിക്കൊണ്ടിരുന്ന പല സ്വകാര്യ ബസുകളും കെ. എസ്. ആർ. ടി. സി യും സർവീസ് നിർത്തി കഴിഞ്ഞു.
ഇതുമൂലം വിദ്യാർഥികളും കടുത്ത ദുരിതത്തിലാണ്. കൊടുമൺ വഴി അടൂർ, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തി വന്ന പല സ്വകാര്യ ബസുകളും സർവീസ് നിർത്തി. കൊടുമണ്ണിൽ നിന്ന് പന്തളം, അടൂർ, പത്തനംതിട്ട, പത്തനാപുരം, കോന്നി കോളജുകളിലാണ് മിക്ക വിദ്യാർഥികളും പഠിക്കുന്നത്.
രാവിലെയും വൈകീട്ടും സ്കൂളിലും കോളജുകളിലും പോകുന്ന വിദ്യാർഥികളും സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ബുദ്ധിമുട്ടുകയാണ്. ഇവർക്ക് സമയത്ത് ഓഫിസുകളിൽ എത്താനും കഴിയുന്നില്ല. സർവീസ് നടത്തുന്ന ബസുകളിൽ വലിയ തിരക്ക് കാരണം കയറാനും പറ്റില്ല. ഏഴംകുളം-കൈപ്പട്ടൂർ റൂട്ടിൽ രാത്രി ഏഴിനുശേഷം ബസില്ലാത്തതും യാത്രക്കാരെ വലക്കുന്നു.
റോഡ് ആധുനിക രീതിയിൽ നിർമാണം പൂർത്തീകരിച്ചതിനാൽ ഈ റൂട്ടിൽ കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തണമെന്നാവശ്യം ഉയരുന്നുണ്ട്. രാത്രി എഴിനുശേഷം ജില്ലാ ആസ്ഥാനത്തു നിന്നും കൊടുമൺ വഴി അടൂർ ഭാഗത്തേക്ക് ബസുകളില്ല. ലക്ഷ്യസ്ഥലങ്ങളിലേക്കെത്താൻ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. ഞായറാഴ്ചകളിൽ ഭൂരിഭാഗം ബസുകളും സർവീസ് നടത്താറില്ല. യാത്രാ ക്ലേശം പരിഹരിക്കാൻ നാട്ടുകാർ അധികൃതർക്ക് നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടായില്ല.
കൂടാതെ കോന്നി മെഡിക്കൽ കോളജിലേക്ക് പോകാനും ബസ് സൗകര്യം കുറവാണ്. കൊടുമൺ, ഏഴംകുളം ഭാഗത്തുള്ളവർ പത്തനംതിട്ടയിൽ എത്തി വേണം കോന്നിക്ക് പോകേണ്ടത്. ഇപ്പോൾ കോന്നി മെഡിക്കൽ കോളജിലെ ചികിത്സയെ ആശ്രയിക്കുന്ന രോഗികൾ ധാരാളമായി ഈ പ്രദേശങ്ങളിലുണ്ട്.
കളക്ഷൻ കുറവാണന്ന കാരണം പറഞ്ഞാണ് സർവീസ് നിർത്തി വെക്കുന്നത്. നേരത്തെ പത്തനംതിട്ടയിൽ നിന്നും കൊടുമൺ വഴി അടൂരിലേക്ക് കെ. എസ്. ആർ. ടി. സി യും സർവീസ് നടത്തിയിരുന്നതാണ്. ഇതും നിർത്തലാക്കിയതായി നാട്ടുകാർ പറയുന്നു. നേരത്തെ ഗ്രാമീണ മേഖലകളിൽ കൂടി ധാരാളം ബസ് സർവീസുകൾ ഉണ്ടായിരുന്നതാണ്. എന്നാൽ പല കാരണങ്ങളും പറഞ്ഞ് സ്വകാര്യ ബസുകൾ ഉൾപ്പെടെ സർവീസ് നടത്താത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.