തിരുവല്ല: ഏറെ കോളിളക്കം സൃഷ്ടിച്ച കവിയൂരിൽ അഞ്ചംഗ കുടുംബം കൂട്ടമരണത്തിന് ഇരയായ കേസിന്റെ അന്വേഷണം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. കുടുംബത്തിന്റെ കൂട്ട ആത്മഹത്യയും പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതും വി.ഐ.പി ബന്ധങ്ങളുമെല്ലാം ഏറെക്കാലം ചർച്ച ചെയ്തെങ്കിലും പ്രതികളെ കണ്ടെത്താൻ സി.ബി.ഐക്ക് പോലും സാധിച്ചില്ല.
കവിയൂർ മഹാദേവക്ഷേത്രത്തിന് സമീപത്ത് വാടകക്ക് താമസിച്ച വീട്ടിൽ അഞ്ചംഗ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. 2004 സെപ്തംബർ 28നാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും കേസ് അന്വേഷിച്ചെങ്കിലും ഒട്ടനവധി സംശയങ്ങൾ ബാക്കിയാണ്.
15 വർഷത്തോളമായി അന്വേഷിച്ച സി.ബി.ഐ നാലുതവണ റിപ്പോർട്ട് നൽകി. സി.ബി.ഐ നടത്തിയ മൂന്നു അന്വേഷണത്തിലും പെൺകുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നാണ് കണ്ടെത്തിയത്. എന്നാൽ ഈ നിലപാട് തിരുത്തി പെൺകുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് ഉറപ്പില്ലെന്നും കേസിൽ വി.ഐ.പികളുടെ പങ്കു കണ്ടെത്താനായില്ലെന്നുമുള്ള റിപ്പോർട്ടാണ് പിന്നീട് സി.ബി.ഐ കോടതിയിൽ സമർപ്പിച്ചത്.
ഇതോടെ വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ വൈരുധ്യങ്ങൾ നിറഞ്ഞതും ഉത്തരംകിട്ടാത്തതുമായ നിരവധി ചോദ്യങ്ങൾ അവശേഷിപ്പിച്ചുമാണ് സി.ബി.ഐ നാലാമത്തെ അന്വേഷണറിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
കുടുംബത്തിലെ മൂത്തമകൾ നിരവധി തവണ പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. കിളിരൂർ കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ലതാനായർ സിനിമയിൽ അവസരം വാഗ്ദാനംചെയ്തു പെൺകുട്ടിയെ ഉന്നത രാഷ്ട്രീയക്കാർക്കും സിനിമക്കാർക്കും കാഴ്ചവെച്ചു എന്നായിരുന്നു ആരോപണം. സി.ബി.ഐ നടത്തിയ അന്വേഷണത്തിൽ മൂത്തമകൾ ഒന്നിലേറെ തവണ പീഡിപ്പിക്കപ്പെട്ടിരുന്നതായും പിതാവാണ് പീഡിപ്പിച്ചതെന്നും കോടതിയിൽ റിപ്പോർട്ട് നൽകി.
മരണത്തിന് തൊട്ടുമുമ്പുള്ള 72 മണിക്കൂറിനിടെയാണ് ഏറ്റവും ഒടുവിൽ പീഡിപ്പിക്കപ്പെട്ടത്. പക്ഷേ ആരാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്താൻ ഒരു തെളിവുമില്ല. ശരീരത്തിൽ നിന്ന് കണ്ടെടുത്ത പുരുഷബീജം തുടക്കത്തിൽ തന്നെ ഡി.എൻ.എ പരിശോധന നടത്താതിരുന്ന പൊലീസിന്റെ വീഴ്ചയാണ് തെളിവില്ലാതാകാൻ കാരണമെന്നും സി.ബി.ഐ പറയുന്നു. മരണത്തിന് മുമ്പുള്ള 72 മണിക്കൂറിൽ പെൺകുട്ടി വീട്ടിൽ നിന്ന് പുറത്തുപോയിട്ടില്ല. അച്ഛനല്ലാതെ പുരുഷനായിട്ട് ആരും വന്നിട്ടില്ല. അതുകൊണ്ട് അച്ഛനെ സംശയിക്കാം. അച്ഛൻ മോശമായി പെരുമാറുന്നൂവെന്ന് പെൺകുട്ടി പറഞ്ഞതായി സഹപാഠിയുടെ മൊഴിയുമുണ്ട്. ഈ സാഹചര്യ തെളിവുകൾ സി.ബി.ഐ കണ്ടെത്തിയെങ്കിലും ശാസ്ത്രീയ തെളിവുകൾ ചൂണ്ടിക്കാട്ടി കോടതി റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടു.
കിളിരൂർ പീഡനക്കേസിലെ മുഖ്യപ്രതിയായ ലതാനായർക്ക് കവിയൂരിൽ മരിച്ച കുടുംബവുമായി അടുപ്പമുണ്ടായിരുന്നു. അങ്ങനെ കിളിരൂർ കേസ് പോലെ കവിയൂരിലെ പീഡനത്തിലും വി.ഐ.പി എന്ന ആരോപണം ഉയർന്നു. ഇവരുടെ വീട്ടിൽ ലതാനായർ താമസിച്ചെന്നുള്ള വാർത്ത പ്രചരിക്കുകയും ഗൃഹനാഥനെ പൊലീസ് ചോദ്യം ചെയ്തതും വലിയ നാണക്കേടായി. ഇതിലുള്ള മനോവിഷമം അഞ്ചംഗ കുടുംബത്തിന്റെ കൂട്ടമരണത്തിന്റെ കാരണമായെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസിലെ ഏക പ്രതിയാക്കി ലതാനായരെ അറസ്റ്റുചെയ്തിരുന്നു
കൂട്ടമരണം നടന്നിട്ട് രണ്ട് പതിറ്റാണ്ടിലധികം പിന്നിട്ടിട്ടും പല ഏജൻസികൾ അന്വേഷിച്ചിട്ടും കോടതികൾ പലതവണ ഇടപെട്ടിട്ടും ആരാണ് വി.ഐ.പി എന്നോ പീഡിപ്പിച്ചതാരെന്നോ കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.