തിരുവല്ല: കടപ്രയിലെ ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് നടന്ന പരസ്യ മദ്യപാനം പൊലീസിനെ അറിയിച്ചതിന്റെ പേരിൽ ഗൃഹനാഥനും കുടുംബത്തിനും വധഭീഷണിയെന്ന് പരാതി. കടപ്ര 14ാം വാർഡ് എസ്.എസ് വില്ലയിലെ ഫിലിപ് ജോർജിനും കുടുംബത്തിനും നേരെയാണ് നാലംഗ സംഘം വധഭീഷണി മുഴക്കിയതായി പരാതി. സംഭവത്തിൽ ഫിലിപ് പുളിക്കീഴ് പൊലീസിൽ പരാതി നൽകി.
ഞായറാഴ്ചയാണ് പരാതിക്ക് കാരണമായ സംഭവം. രാവിലെ 11ഓടെ പ്രദേശവാസികൾ അടക്കം ഉൾപ്പെടുന്ന പത്തോളം പേരടങ്ങുന്ന സംഘം ഫിലിപ് ജോർജിന്റെ വീടിന്റെ എതിർവശത്തെ ആൾത്താമസമില്ലാത്ത വീട്ടുവളപ്പിൽ മണിക്കൂറുകളോളം മദ്യപിക്കുകയും പരസ്പരം അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തു. അസഭ്യവർഷമടക്കം രൂക്ഷമായതോടെ ഫിലിപ് പൊലീസിൽ അറിയിച്ചു. പൊലീസ് ജീപ്പ് വരുന്നത് കണ്ട് സംഘം ചിതറിയോടി.
മദ്യപിച്ച് അവശനിലയിലായിരുന്ന മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. 12ഓടെ നാലംഗ സംഘം ഫിലിപ്പിന്റെ വീട്ടിലെത്തി വധഭീഷണി മുഴക്കി. സംഘം ഇവരെ അസഭ്യം പറയുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞു. തന്റെ ഉടമസ്ഥതയിലുള്ള ഹോം സ്റ്റേക്ക് നേരെ പടക്കവും എറിഞ്ഞതായും ഫിലിപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.