ബാങ്ക് വീട് ജപ്തി ചെയ്തതിനെ തുടർന്ന് വീടിനോട് ചേർന്ന് നിർമിച്ച താൽക്കാലിക ഷെഡ്ഡിൽ ആഹാരം പാകം ചെയ്യുന്ന അനിയൻ കുഞ്ഞിന്റെ ഭാര്യ ഷീബ
തിരുവല്ല: സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കിന്റെ ജപ്തിയെ തുടർന്ന് വിദ്യാർഥികൾ അടങ്ങുന്ന നാലംഗ കുടുംബം കഴിയുന്നത് വീടിനോട് ചേർന്ന് വലിച്ചു കെട്ടിയ ടാർപോളിൻ ഷീറ്റിന് കീഴിൽ. അഞ്ചു സെന്റിൽ താഴെ വസ്തു ഉള്ളവരുടെ ഭൂമി ജപ്തി ചെയ്യരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കർശന നിർദ്ദേശം മറികടന്നാണ് നെടുംമ്പ്രം പഞ്ചായത്ത് ഒന്നാം വാർഡിൽ ചാത്തങ്കരി കുന്നനാവേലിൽ വീട്ടിൽ കെ.ജെ. അനിയൻ കുഞ്ഞിന്റെ നാലര സെൻറ് അടങ്ങുന്ന വീട് തിരുവല്ല അർബൻ സഹകരണ ബാങ്ക് ജപ്തി ചെയ്തത്.
ജപ്തി നടപടിയുടെ ഭാഗമായി വീട് അടച്ചുപൂട്ടി സീൽ ചെയ്തതോടെ അഭയം തേടാൻ മറ്റ് ഇടങ്ങൾ ഇല്ലാതെ വന്നു. ഇതോടെ വീടിനോട് ചേർന്ന് ടാർപോളിൻ വലിച്ചു കെട്ടി നിർമിച്ച ഷെഡിലാണ് കഴിഞ്ഞ ഒരു മാസമായി കൂലിപ്പണിക്കാരൻ കൂടിയായ അനിയൻ കുഞ്ഞും ഭാര്യയും മക്കളും അടങ്ങുന്ന നാലംഗ കുടുംബം കഴിയുന്നത്.
കനത്ത മഴ പെയ്യുന്നതിനിടെ കഴിഞ്ഞ മാസം 22-നായിരുന്നു ബാങ്കിന്റെ കണ്ണിൽ ചോരയില്ലാത്ത ജപ്തി നടപടി. 2018ലെ മഹാപ്രളയത്തിൽ സ്വന്തമായി ഉണ്ടായിരുന്ന ചെറിയ വീട് പൂർണമായും തകർന്നു.
തുടർന്ന് ഷീബയുടെ സ്വർണാഭരണങ്ങൾ പണയം വെച്ചും മറ്റും സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് വീട് പണി ആരംഭിച്ചു. പണം തികയാതെ വന്നതോടെയാണ് നാലര സെൻറ് വസ്തുവിന്റെ ഈടിന്മേൽ 2020 ൽ ബാങ്കിൽ നിന്നും മൂന്നു ലക്ഷം രൂപ വായ്പ എടുത്തത്. ആൺകുട്ടികളെ കൂടാതെ ഇരട്ടകളായ 22 വയസ്സുള്ള രണ്ട് പെൺകുട്ടികൾ കൂടി ദമ്പതികൾക്ക് ഉണ്ട്. ഇതിൽ ഒരാളെ വിവാഹം ചെയ്തയച്ചു. തുടർന്ന് പണിപൂർത്തിയാക്കാതെ വീട്ടിൽ താമസമായി.
ഇതോടൊപ്പം വായ്പ തുകയും തിരിച്ചടച്ചു തുടങ്ങി. രണ്ടാമത്തെ മകൾ ജന്മനാ ഉണ്ടായ ന്യൂറോ സംബന്ധമായ തകരാറുകളെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ വർഷങ്ങളായി ചെലവേറിയ വീടുപണി പുരോഗമിക്കുന്നതിനിടെ മകളുടെ രോഗം മൂർച്ഛിച്ചതോടെ പണി പാതിവഴിയിൽ മുടങ്ങി.
തുടർന്ന് രോഗിയായ മകളെ ഭാര്യ ഷീജയുടെ മുണ്ടക്കയത്തെ വീട്ടിൽ ആക്കി. ഇതിന് പിന്നാലെ കോവിഡും എത്തി. തുടർന്ന് പണികൾ കുറഞ്ഞു. ഇതോടെ മകളുടെ ചികിത്സയും വായ്പ തിരിച്ചടവും എല്ലാംകൂടി കൃത്യമായി നടക്കാത്ത അവസ്ഥയായി.
തുടർന്ന് ആറുമാസം മുമ്പ് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചു. ഇത് ഒഴിവാക്കാനായി ചിട്ടി പിടിച്ച് ലഭിച്ച 65,000 രൂപ ബാങ്കിൽ അടച്ചു. ഈ തുകയും കൂട്ടി രണ്ടേകാൽ ലക്ഷത്തോളം രൂപ അടച്ചുതീർത്തതായി അനിയൻകുഞ്ഞ് പറയുന്നു. തുടർന്ന് മൂന്നുമാസം മുമ്പ് മൂന്നു ലക്ഷത്തോളം രൂപ അടക്കണമെന്ന് കാട്ടി അടുത്ത നോട്ടീസ് വന്നു.
ഇതിന് പിന്നാലെയാണ് ജപ്തി നടപടിയിലേക്ക് ബാങ്ക് കടന്നത്. നിലവിൽ മൂന്നു ലക്ഷത്തി 23000 ആണ് അടക്കാൻ ഉള്ളതെന്നും ഈ തുക ഒറ്റ തവണയായി തിരിച്ചടച്ചാൽ 2,67000 രൂപയ്ക്ക് കുടുംബത്തിന്റെ ബാധ്യത തീർത്തു നൽകാമെന്നും ബാങ്ക് ചെയർമാൻ അഡ്വ. പ്രമോദ് ഇളമൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.