സീതത്തോട് പഞ്ചായത്ത്: പ്രസിഡന്റിന്റെ രാജിക്ക് പിന്നാലെ വിഭാഗീയതയും അഴിമതി ആരോപണവും

സീതത്തോട്: മുൻ ധാരണപ്രകാരം പുതിയയാളിനെ പ്രസിഡന്‍റാക്കാൻ നിലവിലെ പ്രസിഡന്‍റ് രാജിവെച്ചതിന് പിന്നാലെ സീതത്തോട് പഞ്ചായത്തിൽ ഭരണമുന്നണിയിൽ വിഭാഗീയത രൂക്ഷം.ധാരണ പ്രകാരം നിലവിലെ പ്രസിഡന്‍റ് ജോബി ടി. ഈശോ രാജിവെച്ചതിന് പിന്നാലെ പുതിയ പ്രസിഡന്‍റായി സ്ഥാനമേൽക്കേണ്ടിയിരുന്ന പി.ആർ. പ്രമോദിനെതിരെ അഴിമതി ആരോപണവുമായി ഒരുവിഭാഗം രംഗത്തെത്തി.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പ്രമോദിനെ മറികടന്നാണ് ജോബി ടി. ഈശോ പ്രസിഡന്‍റായി സ്ഥാനമേറ്റതെന്ന് നേരത്തേ ആരോപണം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിക്കുള്ളിൽ എതിരഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രണ്ടുകാലങ്ങളിലായി രണ്ടു പേർക്കുംകൂടി വീതംവെക്കാൻ തീരുമാനിച്ചത്.

ഗവി നിവാസികൾക്കുള്ള ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ നടന്ന വൻ അഴിമതി നിയുക്ത പ്രസിഡന്‍റിന്‍റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അഴിമതിക്ക് പിന്നിൽ ഭരണസമിതിയിലെ മുഴുവനാളുകളും പങ്കാളികളാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ശബരിമല വനാന്തരത്തിനുള്ളിലെ ഗവിയിൽ പുനരധിവസിപ്പിക്കപ്പെട്ട ശ്രീലങ്കൻ അഭയാർഥികൾക്ക് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വീട് നൽകുന്ന വകയിൽ പഞ്ചായത്ത് ഭരണസമിതി 80 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.

160ഓളം ആളുകളാണ് ഇത്തരത്തിൽ വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നത്. ഇതിൽ 90 പേർക്ക് നിലവിൽ ഭൂമി വാങ്ങിയിട്ടുണ്ട്. ഇതിനെതിരെ ഗവി നിവാസികൾ പലരും കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും അവയൊക്കെ രാഷ്ട്രീയ ഇടപെടലുകളിൽ തട്ടി മുങ്ങിപ്പോയി.

ഗവിയിലെ ശ്രീലങ്കൻ അഭയാർഥികളായ തൊഴിലാളികൾക്ക് സീതത്തോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ഗുണനിലവാരം ഇല്ലാത്തതും ഉരുൾപൊട്ടൽ സാധ്യതയുള്ളതുമായ സ്ഥലത്ത് തുച്ഛമായ വിലയ്ക്ക് ഭൂമി വാങ്ങി സർക്കാർ ഫണ്ടിൽ വൻതുക വിലയായി രേഖപ്പെടുത്തി ഗവിയിലെ ജനങ്ങളെ പറ്റിച്ചു എന്നാണ് ആരോപണം.

Tags:    
News Summary - Seethathod Panchayath: allegations of corruption after President's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.