പ്രതീകാത്മക ചിത്രം
പത്തനംതിട്ട: സ്വകര്യ ബസ് സ്റ്റാൻഡ് ലഹരി കൈമാറ്റത്തിന്റെ കേന്ദ്രമായി. സ്റ്റാൻഡിലെ കെട്ടിടത്തിന്റെ മുകൾ നിലയിലായിരുന്നു സാമൂഹികവിരുദ്ധരും ലഹരി സംഘങ്ങളും തമ്പടിച്ചിരുന്നത്. ഇവരെ ഇവിടെനിന്ന് പറഞ്ഞുവിടാൻ ശ്രമിച്ച വ്യാപാരികളെയടക്കം ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടികളടക്കം ഇവിടെ തമ്പടിച്ചപ്പോൾ വ്യാപാരികൾ പൊലീസിനെ അറിയിച്ചു.
ഏതാനും ദിവസങ്ങളിൽ പിങ്ക് പൊലീസിനെ ഡ്യൂട്ടിക്കിട്ടു. അനാശാസ്യ പ്രവർത്തനത്തെയും സംഘം ചേരലിനെയും ചോദ്യം ചെയ്ത പിങ്ക് പൊലീസിനെയും അസഭ്യംപറഞ്ഞ സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് മുകൾ നിലയിലേക്ക് പ്രവേശനം ഗ്രില്ലിട്ട് പൂട്ടി തടഞ്ഞെങ്കിലും സംഘം ബസ് സ്റ്റാൻഡ് പരിസരത്തുതന്നെ താവളമടിക്കുകയാണ്.
സമീപത്തെ പെട്രോൾ പമ്പിനും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുമിടയിലെ വഴിയിലൂടെ കയറി കുറ്റിക്കാടുകളിലാണ് ലഹരിവസ്തുക്കളുടെ കൈമാറ്റം നടത്തുന്നത്. അബാൻ മേൽപാലത്തിന്റെ തൂണുകൾ മറയാക്കി രാത്രി കാലങ്ങളിൽ സാമൂഹികവിരുദ്ധ പ്രവർത്തനം നടത്തുന്നുണ്ട്. പുലർച്ച ആറോടെയാണ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരി കൈമാറ്റം നടക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വിദ്യാർഥികൾ അടക്കമുള്ളവരാണ് വിലകൊടുത്തു വാങ്ങാനും ഇടനിലക്കാരായും നിൽക്കുന്നത്. നിരീക്ഷണ കാമറകൾ ഇല്ലാത്ത സ്ഥലങ്ങളിലാണ് സംഘങ്ങൾ തമ്പടിക്കുന്നത്. പകലും രാത്രിയിലും ഇവിടെ നിരീക്ഷണമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ, സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമായി സ്റ്റാൻഡും പരിസരവും മാറി. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയവരിൽ മിക്കവരും പത്തനംതിട്ട ബസ് സ്റ്റാൻഡിൽ കേന്ദ്രീകരിച്ചിരുന്നവരാണ്. ഇവിടെനിന്നാണ് പെൺകുട്ടിയെ പലയിടത്തേക്കും കൂട്ടിക്കൊണ്ടു പോയതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.