ഇ​ര​ട്ട​പ്പാ​ല​ങ്ങ​ളി​ൽ ആ​ദ്യ​ത്തെ പാ​ല​ത്തി​ലെ അ​പ്രോ​ച്ച് റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്ടി​ച്ച്

ആ​ളെ​യി​റ​ക്കാ​ൻ നി​ർ​ത്തി​യ സ്വ​കാ​ര്യ ബ​സു​ക​ൾ

അടൂരിലെ ഇരട്ടപ്പാലങ്ങൾ ഇരട്ടിക്കുരുക്ക്

അടൂർ: അടൂരിൽ ഇരട്ടപ്പാലം നിർമിച്ചതെന്തിന്? നാട്ടുകാർ പലവട്ടം മനസ്സിൽ ആലോചിച്ചുപോകും ഈ ഒരു ചോദ്യം. കാരണം നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന് പറഞ്ഞ് പണി തീർത്ത് തുറന്ന പാലങ്ങൾ ഫലത്തിൽ കുരുക്ക് കൂട്ടുകയാണ് ചെയ്തത്.

കിഫ്ബി പദ്ധതിയിൽ 10.94 കോടി രൂപ അടങ്കലിൽ നാല് വർഷംകൊണ്ട് പണി പൂർത്തിയാക്കിയ പാലങ്ങൾ 2022 ഡിസംബർ 14ന് മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. ഒരാഴ്ചക്കുശേഷം ഗതാഗത ഉപദേശക സമിതി കൂടി പുതിയ പാലങ്ങളിലൂടെ സ്വകാര്യ ബസുകൾ മാത്രം കടത്തിവിടാനും ഇതിനായി സൂചന ഫലകങ്ങൾ സ്ഥാപിക്കാനും തീരുമാനമെടുത്തെങ്കിലും നടപ്പായില്ല.

ഇരട്ടപ്പാലം ഉൾപ്പെടെ മൂന്ന് പാലത്തിലൂടെയുള്ള ഗതാഗതം തോന്നിയതുപോലെ തുടരുകയാണ്. ഏതു സമയവും അപകടത്തിന് സാധ്യതയേറുന്നു. സെൻട്രൽ ജങ്ഷനിൽനിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ പല പാലങ്ങളിലൂടെയാണ് പോകുന്നത്. ചില ബസുകൾ തെക്കേ പുതിയ പാലത്തിലൂടെ സ്റ്റാൻഡിലേക്ക് പോകുമ്പോൾ ചിലത് പഴയ പാലത്തിലൂടെയാണ് പോകുന്നത്.

ആദ്യ പാലത്തിലൂടെ കടന്നുവരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് പഴയ പാലത്തിന്റെ അപ്രാച്ച് റോഡിലേക്ക് കടക്കുന്നു. ഇത് പഴയ പാലത്തിലൂടെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാൻ സാധ്യത സൃഷ്ടിക്കുന്നു. ഇരട്ടപ്പാലത്തിൽ ആദ്യത്തേതിന്റെ അപ്രോച്ച് റോഡിൽ സ്വകാര്യ ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നു.

റോഡിന്റെ ഇടത് ഭാഗത്ത് കായംകുളം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും യാത്രക്കാരെ കയറ്റാൻ അരമണിക്കൂറോളം നിർത്തിയിടുമ്പോൾ റോഡിന് നടുവിലാണ് ചവറ ടൈറ്റാനിയം-മുണ്ടക്കയം ദേശീയപാത, എം.സി റോഡ്‌, കായംകുളം-പത്തനാപുരം സംസ്ഥാനപാത, അടൂർ-പത്തനംതിട്ട, മറ്റു പാതകൾ എന്നിവിടങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ നിർത്തി യാത്രക്കാരെ ഇറക്കുന്നത്. ഇതോടെ ആദ്യത്തെ പാലത്തിലൂടെ വരുന്ന വാഹനങ്ങൾ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ്.

ബസുകളിൽനിന്ന് യാത്രക്കാർ റോഡിന്റെ മധ്യഭാഗത്തേക്കാണ് ഇറങ്ങുന്നത്. ഈ സമയം ഇടത് ഭാഗത്തുകൂടി വരുന്ന വാഹനങ്ങൾ യാത്രക്കാരെ ഇടിച്ചു വീഴ്ത്താനുള്ള സാധ്യത ഏറെയാണ്. ഇരട്ടപ്പാലങ്ങളിൽ ആദ്യ പാലത്തിന്റെ അപ്രോച്ച് റോഡിലെ മരങ്ങളോട് ചേർന്ന് പഴയ ഓട്ടോ സ്റ്റാൻഡ് പ്രവർത്തിച്ചിടത്താണ് ഇപ്പോഴും ഓട്ടോ സ്റ്റാൻഡ്.

കെ.എസ്.ആർ.ടി.സി ജങ്ഷനിൽ മൂന്ന് പാലത്തിലെയും അപ്രോച്ച് റോഡുകൾ മുറിച്ചുകടക്കുന്നത് കാൽനടക്കാർക്ക് ഏറെ ദുഷ്കരമാണ്. ഇരട്ടപ്പാലങ്ങളിൽ തെക്കുവശത്തുനിന്ന് വരുന്ന വാഹനങ്ങൾ അപ്രോച്ച് റോഡിന്റെ നേരെയുള്ള ഡിവൈഡറിലും മരത്തിലും സ്റ്റാൻഡിലെ ഓട്ടോകളിലും ചെന്നിടിക്കാനുള്ള സാധ്യത ഏറെയാണ്.

Tags:    
News Summary - Twin bridges in Atoor incresed the traffic jam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.