അടൂർ: ഓണത്തിരക്കിലമർന്ന അടൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷം. നഗരത്തിലെ അനധികൃത പാർക്കിങ്ങാണ് കുരുക്കിന് പ്രധാന കാരണം.
സെൻട്രൽ ജങ്ഷൻ മുതൽ ജനറൽ ആശുപത്രി വരെ രൂക്ഷമായ കുരുക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ ഇരുവശത്തുമുള്ള പാർക്കിങ്ങഷണ് പ്രതിസന്ധി കൂട്ടുന്നത്. കെ.എസ്. ആർ.ടി.സി ജങ്ഷനിൽ നിർമിച്ച പാലത്തിൽ വരെ അനധികൃത പാർക്കിങ്ങാണ്. കുരുക്ക് രൂക്ഷമായിട്ടും പാർക്കിങ്ങിന് കൂടുതൽ സൗകര്യമേർപ്പെടുത്താൻ നഗരസഭ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ടൗണിലെ ഗതാഗത സംവിധാനം കുത്തഴിഞ്ഞിട്ടും ഗതാഗത ഉപദേശക സമിതികൂടി പ്രശ്നങ്ങൾ പരിഹരിക്കാനും അധികൃതർ തയാറായിട്ടില്ല. വരുംദിവസങ്ങളിൽ ഓണത്തിരക്കേറുന്നതോടെ കുരുക്ക് രൂക്ഷമാകാനാണ് സാധ്യത.
സെൻട്രൽ ജങ്ഷനിലും കെ.എസ്.ആർ.ടി.സി ജങ്ഷനിലും പാർഥസാരഥി ജങ്ഷനിലുമാണ് കുരുക്കേറെ. ഇവിടെ വാഹനങ്ങൾ തോന്നിയ പോലെയാണ് പാർക്ക് ചെയ്യുന്നത്.
സ്വകാര്യ ബസുകൾ യാത്രക്കാരെ കയറ്റാനും ഇറക്കാനും റോഡിന് നടുവിൽ പാർക്ക് ചെയ്യുന്നതും കുരുക്കുണ്ടാക്കുന്നു. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും വകവെക്കാതെ റോഡിലേക്ക് ഇറക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ വാഹനങ്ങൾ പാർക്കു ചെയ്യാൻ സൗകര്യമേർപ്പെടുത്താത്തതിനാൽ അവിടേക്കുവരുന്ന വാഹനങ്ങളെല്ലാം റോഡിലേക്ക് ഇറക്കിയാണ് നിർത്തിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.