അടൂർ: മൂന്നര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 100 വർഷം ശിക്ഷ ലഭിച്ച പ്രതിക്ക് എട്ടുവയസ്സുള്ള സഹോദരിയെ ഉപദ്രവിച്ചതിന് 104 വർഷം കഠിനതടവും പിഴയും. കൊല്ലം പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനെയാണ് (32) അടൂർ ഫസ്റ്റ് ട്രാക്ക് ആൻഡ് സ്പെഷൽ കോടതി ശിക്ഷിച്ചത്. ജഡ്ജി എ. സമീറാണ് വിധി പുറപ്പെടുവിച്ചത്. സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് കേസാണ് രജിസ്റ്റർ ചെയ്തിരുന്നത്.
രണ്ടിലും ഒരാഴ്ചക്കുള്ളിലാണ് വിധി വന്നിട്ടുള്ളത്. കഠിനതടവിന് പുറമെ 4,20,000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴത്തുക ഇരക്ക് നൽകാത്തപക്ഷം 26 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. ഈ കേസിൽ വിനോദിന്റെ അടുത്ത ബന്ധുവും രണ്ടാം പ്രതിയുമായ സ്ത്രീയെ കോടതി താക്കീത് നൽകി വിട്ടയച്ചു. സംഭവം അറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നാണ് ഇവരുടെ പേരിലുള്ള കുറ്റം.
മൂന്നര വയസ്സുകാരിയായ അനുജത്തിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദൃക്സാക്ഷിയാണ് സഹോദരിയായ എട്ടുവയസ്സുകാരി. ആ കേസിൽ ഇയാളെ ഒരാഴ്ച മുമ്പ് 100 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ഇതേ കോടതി ശിക്ഷിച്ചിരുന്നു. രണ്ടാമത്തെ കേസിലാണ് ചൊവ്വാഴ്ചത്തെ വിധി. ശിക്ഷ ഒരുമിച്ച് ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. ഇരുകേസിലുമായി മൊത്തം 40 വർഷത്തെ ശിക്ഷയാണ് പ്രതി അനുഭവിക്കേണ്ടത്.
പ്രതി മുമ്പ് താമസിച്ചിരുന്ന അടൂർ ഏനാദിമംഗലത്തെ വീട്ടിൽ 2021-22 കാലയളവിൽ പലദിവസങ്ങളിലായി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അശ്ലീലദൃശ്യങ്ങൾ കാട്ടിയശേഷമായിരുന്നു ഉപദ്രവിച്ചത്. ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തിരുന്നത്.
സംഭവം നടന്ന് രണ്ട് മാസത്തിനുശേഷം രണ്ടാം ക്ലാസിൽ പഠിക്കുന്ന എട്ട് വയസ്സുകാരിക്ക് ഗാന്ധിജിയെ കുറിച്ച പാഠഭാഗം പറഞ്ഞ് കൊടുക്കവെ ആരോടും കള്ളം പറയരുതെന്ന് ഉപദേശിച്ചപ്പോഴാണ് തനിക്കും അനുജത്തിക്കും നേരിടേണ്ടി വന്ന ദുരനുഭവം കുട്ടി അമ്മയോട് പറഞ്ഞത്.
തുടർന്ന് വീട്ടുകാർ അടൂർ പൊലീസിനെ സമീപിച്ചു. അറസ്റ്റിലായ പ്രതിക്കെതിരായ കുറ്റപത്രം അന്നത്തെ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷാണ് കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ 20 രേഖകളും 16 സാക്ഷികളെയും ഹാജരാക്കി. പ്രോസിക്യൂഷനായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.