മണ്ണ് മാഫിയ ഭീഷണി വേളമുരുപ്പ് സംരക്ഷണത്തിന് ; ഇന്ന് മനുഷ്യച്ചങ്ങല
അടൂർ: മണ്ണ് മാഫിയയുടെ ഭീഷണി നേരിടുന്ന തേപ്പുപാറ വേളമുരുപ്പിനെ സംരക്ഷിക്കാൻ ഞായറാഴ്ച മനുഷ്യച്ചങ്ങല തീർക്കുന്നു.
ഭൂമാഫിയ കുന്നിൽ സ്ഥാപിച്ച മഞ്ഞക്കുറ്റിയുടെ ഭാഗം മുതൽ കാവാടി കുരിശടിവരെ റോഡിന്റെ വശത്താണ് മനുഷ്യച്ചങ്ങല തീർക്കുന്നതെന്ന് വേളമുരുപ്പ് സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു. തൊടുവക്കാട് വാർഡ് നിവാസികളെ കൂടാതെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരും ചങ്ങലയിൽ കണ്ണികളാകും.
ഏനാദിമംഗലം വില്ലേജ് പരിധിയിൽ ഉൾപ്പെടുന്നതും ഏഴംകുളം, ഏനാദിമംഗലം പഞ്ചായത്തുകളിൽ ഉൾപ്പെടുന്നതുമായ കുന്നാണ് വേളമുരുപ്പ്. ജില്ല ദുരന്ത നിവാരണ വകുപ്പ് എല്ലാവർഷവും ഉരുൾപൊട്ടൽ സാധ്യത പ്രദേശമായി പ്രഖ്യാപിക്കുന്ന ഈ മേഖലയിൽനിന്ന് വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്താൻ ശ്രമം നടക്കുകയാണ്.
അഞ്ചേക്കറിലധികം വരുന്ന കുന്നിടിച്ച് മണ്ണ് തൃശൂരിലേക്ക് കടത്തുന്നതിനുള്ള നീക്കമാണ് ഭൂമാഫിയ നടത്തുന്നത്. ഇതിന് മുന്നോടിയായി ഭൂമിയിൽ മഞ്ഞക്കുറ്റിയും സ്ഥാപിച്ചു.
വേളമുരുപ്പ് ഇടിച്ചു നിരത്താനുള്ള നീക്കത്തിൽ തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതി നൽകിയിരുന്നു.
ഇതനുസരിച്ച് അന്വേഷണം തുടങ്ങിയതോടെ ഭൂമാഫിയ പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്.
പരിസ്ഥിതി പ്രാധാന്യമുള്ള മലയിടിച്ച് മണ്ണ് കടത്തിയാൽ പ്രദേശത്ത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണ സമിതി ചെയർമാൻ വിജയൻ നായർ, കൺവീനർ വിജു രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.