അടൂര്‍: ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണശാലകള്‍ അടൂരില്‍ വര്‍ധിക്കുന്നു. നിയമങ്ങളും ചട്ടങ്ങളും ഏറെയുള്ളപ്പോഴും പരിശോധനകള്‍ നടത്താതെ അധികൃതര്‍ ഇക്കൂട്ടര്‍ക്ക് ഒത്താശ ചെയ്യുന്നതായി വ്യാപക ആരോപണമുയരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പോലും എവിെടയും പാലിക്കുന്നില്ല. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മിക്ക ചെറുകിട വന്‍കിട ഭക്ഷണശാലകൾ പ്രവര്‍ത്തിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് കൂണുകള്‍ പോലെയാണ് നഗരത്തില്‍ ഭക്ഷണശാലകള്‍ മുളച്ചത്. പലതിനും ലൈസന്‍സില്ല. ബൈപാസ് അരികിലെ ആഡംബരമെന്ന് തോന്നിപ്പിക്കുന്ന ഹോട്ടലുകളിൽ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പാചകമെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെ ഹോട്ടലുകളുടെ ചുറ്റും കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ തള്ളുന്നുണ്ട്.
മിക്ക ഹോട്ടലുകളിലും പഴകിയ ഭക്ഷണം വിളമ്പുന്നെന്ന പരാതി വ്യാപകമാണ്. ഷവര്‍മ, അല്‍ഫാം തുടങ്ങിയ അറബിക് ഭക്ഷണങ്ങള്‍ വില്പനക്കുണ്ട്. ഇതിന് ഉപയോഗിക്കുന്ന ഗ്രില്‍ ചിക്കന്‍ അധികം വരുന്നത് പിറ്റേ ദിവസം ബിരിയാണിയുടെ കൂടെ കലര്‍ത്തും. ഇതേപോലെ മറ്റ് ആഹാര പദാര്‍ഥങ്ങളും ബാക്കി വരുന്നതാണ് പിറ്റേന്നത്തെ മറ്റു വിഭവങ്ങളാകുന്നത്. പരിശോധനകള്‍ കൃത്യമായി നടത്താത്തതാണ് ഇത് ആവര്‍ത്തിക്കാന്‍ കാരണം.
മിക്ക ഭക്ഷണശാലകളിലും പാചകവും വിളമ്പലും നടത്തുന്ന അന്തർസംസ്ഥാന തൊഴിലാളികളിൽ പലർക്കും ആരോഗ്യ കാർഡുകളില്ല. വൈറല്‍പനി ബാധിച്ചവര്‍ പോലും പണിയെടുക്കുന്നതായാണ് വിവരം. മിക്കവരും മാസ്കും കൈയുറയും ധരിക്കാറേയില്ല. മായം കലര്‍ന്ന പച്ചക്കറികൾ ശുചീകരിക്കാതെയാണ് പാചകത്തിന് വിനിയോഗിക്കുന്നത്.
കാലാവധി തീരാറായ ബേക്കറി ഉല്പന്നങ്ങള് കവർ മാറ്റി പാക്ക് ചെയ്ത് വീണ്ടും കാലാവധി നീട്ടി സ്റ്റിക്കര്‍ പതിപ്പിച്ച് വില്‍ക്കുന്ന വിരുതന്മാരും ഉണ്ട്. യാതൊരുസുരക്ഷ മാനദണ്ഡവും പാലിക്കാതെ തുറസായ സ്ഥലങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ പരാതി പറഞ്ഞിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന ദേശീയ, സംസ്ഥാന പാതകളില്‍ അടച്ചുറപ്പില്ലാതെയുള്ള സ്ഥലത്താണ് പാചകവും വില്പനയും. മറയില്ലാതെയാണ് ഭക്ഷണ പദാര്‍ഥങ്ങൾ സൂക്ഷിക്കുന്നത്. വീടുകളില്‍ ഭക്ഷണം പാചകം ചെയ്തു വില്‍ക്കുന്ന ചിലയിടങ്ങളിലും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ആരോപണമുണ്ട്.
എല്ലാത്തരം ഭക്ഷണശാലകളിലും ആരോഗ്യത്തിനു ഹാനികരമായ നിരോധിത പ്ലാസ്റ്റിക് കവറുകളിലും ന്യൂസ് പേപ്പറുകളിലുമാണ് പാഴ്സല്‍ കൊടുക്കുന്നത്. ചുരുക്കം സ്ഥാപനങ്ങള്‍ മാത്രമാണ് ചട്ടം പാലിക്കുന്നത്. സ്ഥാപനങ്ങൾ പരിശോധിക്കാന്‍ വിപുലമായ സംവിധാനങ്ങൾ ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് പ്രയോജനമില്ല. പരിശോധന നടന്നാലും സ്ഥാപനങ്ങളുടെ പേര് മൂടിവെക്കുകയും വന്‍കിടക്കാരെ ഒഴിവാക്കുകയുമാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.