ഏ​നാ​ത്ത്-​പ​ത്ത​നാ​പു​രം പാ​ത​യി​ൽ ഏ​നാ​ത്ത് ജ​ങ്ഷ​നി​ൽ സ​ർ​വേ ന​ട​ത്തു​ന്നു

പത്തനാപുരം നടുക്കുന്ന്-കാട്ടിൽക്കടവ് പാത: ഒടുവിൽ നവീകരണം

അടൂര്‍: പത്തനാപുരം നടുക്കുന്ന് മുതല്‍ ചവറ കാട്ടില്‍ക്കടവ് വരെ കിഫ്ബി സഹായത്തോടെ നിര്‍മിക്കുന്ന പാതയുടെ ഏനാത്ത്-നടുക്കുന്ന് ഭാഗത്തെ നവീകരണത്തിന് തുടക്കമായി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം.ഇതിനു മുന്നോടിയായി ഏനാത്ത് ജങ്ഷനിൽ റോഡിൽ മണ്ണുപരിശോധന നടത്തി. സർവേ നടപടികളും പുരോഗമിക്കുന്നു. പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി ഏറ്റെടുക്കാനുള്ള നടപടികളും തുടരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് റോഡിന്റെ നിർമാണോദ്ഘാടനം നടത്തിയത്. ആദ്യം 13 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്ത് 10 മീറ്റർ വീതിയിൽ ടാറിങ് നടത്താനായിരുന്നു തീരുമാനം. എന്നാൽ, ഈ അളവിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർന്നതും രാഷ്ട്രീയ വിവാദം ഉയർന്നതും കാലതാമസത്തിനിടയാക്കി.

5.5 മീറ്റർ വീതിയിൽ ടാറിങ് മതിയെന്ന് ഗണേഷ്കുമാർ എം.എൽ.എ വാദിച്ചു. കിഫ്ബിയുടെ മെല്ലെപ്പോക്കിനെതിരെയും ഉദ്യോഗസ്ഥരുടെ അനാസ്ഥയിലും പ്രതിഷേധവും ഉയർന്നിരുന്നു. 10 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്ത് ഏഴ് മീറ്റർ വീതിയിൽ ടാറിങ് നടത്തുന്നതിന് കിഫ്ബിയിൽനിന്ന് അനുമതി വാങ്ങാൻ ഉദ്യോഗസ്ഥർ കത്തു നൽകുകയും ചെയ്തു.

വീണ്ടും ഒരുവർഷത്തോളം റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ചലനമൊന്നുമുണ്ടായില്ല. പ്രതിഷേധം ശക്തമായപ്പോൾ രണ്ടുതവണ അറ്റകുറ്റപ്പണി നടത്തി. ഇപ്പോൾ 5.5 മീറ്റർ വീതിയിലാണ് ടാറിങ്.

മലയോരത്തെ പ്രധാനപാത

മലയോര-തീരദേശ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. ഇതില്‍ ഏനാത്ത് മുതലുള്ള ഭാഗമാണ് സ്ഥലമേറ്റെടുത്ത് വീതികൂട്ടി നിര്‍മിക്കേണ്ടത്. 66 കോടി അനുവദിച്ച പാതയുടെ സര്‍വേ ആരംഭിക്കാന്‍ ഏറെ കാലതാമസം നേരിട്ടിരുന്നു. തകര്‍ന്ന പാതയിലൂടെയുള്ള വാഹനഗതാഗതം ദുഷ്‌കരമായിരുന്നു. 16 കിലോമീറ്റര്‍ പാതയില്‍ പുതിയ കലുങ്കുകളും സംരക്ഷണഭിത്തികളും നിര്‍മിക്കുന്നുണ്ട്.

13.6 മീറ്റര്‍ വീതിയില്‍ പാത നിര്‍മിക്കണമെന്നാണ് കിഫ്ബി നിര്‍ദേശം. ഇതിനായി ആരാധനാലയങ്ങളും വീടുകളുമടക്കം കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും. തദ്ദേശവാസികളുടെ എതിര്‍പ്പ് കാരണം 10 മീറ്ററായി വീതി കുറക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ഇതിന് അംഗീകാരം നല്‍കാന്‍ കഴിയില്ലെന്ന കിഫ്ബി നിലപാട് പാതയുടെ പണികളെ ബാധിച്ചു. പാതയുടെ പുറമ്പോക്ക് സര്‍വേ നടപടി റവന്യൂ വകുപ്പ് ആരംഭിച്ചിരുന്നു.

ഭൂമി ഏറ്റെടുക്കല്‍ ശ്രമകരമായതോടെയാണ് നിര്‍മാണ ജോലിക്ക് കാലതാമസം നേരിടുന്നത്. പാത പോകുന്ന ഏനാത്ത്, മെതുകുമ്മേല്‍, കടുവാത്തോട്, കുണ്ടയം, മഞ്ചള്ളൂര്‍ എന്നിവിടങ്ങള്‍ പ്രധാന ജങ്ഷനുകളാണ്. പലപ്പോഴും ഇവിടങ്ങളില്‍ ഗതാഗതക്കുരുക്ക് പതിവാണ്. നിലവില്‍ പലഭാഗത്തും റോഡ് തകര്‍ന്ന് യാത്രാദുരിതം നേരിടുകയാണ്. വീതിക്കുറവ് അപകടങ്ങള്‍ക്കും കാരണമാകുന്നു. കടുവാത്തോട് ജങ്ഷനിലെ വീതികുറഞ്ഞ പാലവും യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

പാതയുടെ നവീകരണം സാധ്യമായാല്‍ കിഴക്കന്‍ മലയോര മേഖലയിലുള്ളവര്‍ക്കും തമിഴ്‌നാട്ടില്‍നിന്നുള്ളവര്‍ക്കും സുഗമമായി കൊല്ലം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ എളുപ്പമെത്താം. പ്രസിദ്ധങ്ങളായ നടുക്കുന്ന് മുസ്ലിം പള്ളി, കളമല തൈക്കാപള്ളി, വള്ളിക്കാവ് അമൃതപുരി എന്നിവയെ ബന്ധിപ്പിക്കുന്ന തീര്‍ഥാടക വിനോദസഞ്ചാരത്തിനും ഇത് വഴിതെളിക്കും.

Tags:    
News Summary - Pathanapuram Nadukunn-Katilkadav Road: Finally an upgrade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.