എനാദിമംഗലം ഗവ.എൽ.പി സ്കൂളിൽ നവീകരിച്ച പ്രീ സ്കൂൾ കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
അടൂർ: ഏനാദിമംഗലം ഗവ.എൽ.പി സ്കൂളിന് ഇനി പുതിയ മുഖം. സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പ്രീസ്കൂളിൽ മനോഹര ചിത്രങ്ങളും നിർമിതികളും ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തീകരിച്ചത്.
കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പുതിയ പ്രീസ്കൂൾ പാഠ്യപദ്ധതി അനുസരിച്ച് തയാറാക്കിയ 13 ഇടങ്ങൾ സ്കൂളിലെ ക്ലാസ് മുറിക്ക് അകത്തും പുറത്തുമായി ഒരുക്കിയിട്ടുണ്ട്. ഭാഷ വികസന ഇടം, വരയിടം, ഗണിത ഇടം, ശാസ്ത്ര ഇടം, പാഞ്ചേന്ദ്രിയ അനുഭവയിടം, സംഗീതയിടം, കുഞ്ഞരങ്ങ്, ഈ-ഇടം, നിർമാണ ഇടം, കര-കൗശലയിടം, കളിയിടം തുടങ്ങിയവയും ഹരിത ഉദ്യാനവും ശലഭ പാർക്കും കൃത്രിമ വെള്ളച്ചാട്ടവും നടപ്പാലവും ഇരിപ്പിടങ്ങളും ട്രാഫിക് സിഗ്നലുകൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിന്റെ ഭിത്തിയിൽ ചിത്രങ്ങൾ വരച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. സ്മാർട്ട് ക്ലാസ് റൂം സൗകര്യവും മികച്ച പ്രീ സ്കൂളുമുള്ള വിദ്യാലയമായി ഇളമണ്ണൂർ ഗവ. എൽ.പി.എസ് മാറി. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ.ബി. രാജീവ് കുമാർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് അർച്ചന, സജിത്, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ശങ്കർ മാരൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സതീഷ് കുമാർ, കാഞ്ചന, ലത, സമഗ്ര ശിക്ഷ കേരളം ജില്ല ഓഫിസർ ലെജു പി. തോമസ്, എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസർ സുജ മോൾ, അടൂർ എ.ഇ.ഒ സീമ ദാസ്, അടൂർ ബി.പി.സി കെ.എ. ഷഹന, സ്കൂൾ പ്രധാനാധ്യാപിക മീന കുമാരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.