ജ്ഞാനസുന്ദരിയമ്മയുടെ സാന്നിധ്യത്തിൽ മകൻ അജികുമാറിനെ കൂട്ടിക്കൊണ്ടുപോകാൻ അടൂർ പൊലീസ് മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിയപ്പോൾ
അടൂർ: അർധരാത്രി വഴിയിൽ കണ്ട വയോധികയെ പൊലീസ് സഹായത്തോടെ അഗതിമന്ദിരത്തിലാക്കിയ 'നന്മ മനുഷ്യൻ' ഏകമകൻ തന്നെയാണെന്ന് പിന്നീട് കണ്ടെത്തി. അഗതിമന്ദിരം അധികൃതരുടെ പരാതിയെ തുടർന്ന് മകനെ പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം വട്ടപ്പാറ കല്ലയം കാരാമൂട് അനിത വിലാസത്തിൽ ആന്‍റണിയുടെ ഭാര്യ ജ്ഞാനസുന്ദരിയെയാണ് (71) മകൻ അജികുമാർ (45) അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചത്.
ഈമാസം 14ന് രാത്രി എം.സി റോഡിൽ മിത്രപുരത്തിനു സമീപം വയോധികയുമായി വഴിയിൽനിന്ന ഇയാൾ പന്തളം പൊലീസ് സ്റ്റേഷനിലെ വാഹനം കടന്നുപോയപ്പോൾ കൈ കാണിക്കുകയായിരുന്നു. തന്‍റെ പേര് ബിജുവെന്നാണെന്നും അടുത്ത സ്ഥലത്ത് ജോലി ചെയ്യുകയാണെന്ന് ബോധ്യപ്പെടുത്തുകയും കൂടെയുള്ള വയോധികയെ രാത്രി അപകടകരമായ സാഹചര്യത്തിൽ കണ്ടെത്തിയതാണെന്നും സഹായിക്കണമെന്നും അഭ്യർഥിക്കുകയുമായിരുന്നു. ഇതിനു മുമ്പ് ഇയാൾ കൺട്രോൾ റൂം നമ്പറിലേക്കും വിളിച്ചു വിവരം ധരിപ്പിച്ചിരുന്നു.
പന്തളം പൊലീസ് അടൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ഇരുവരെയും അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിക്കുകയുമായിരുന്നു. വയോധികയെ പ്രവേശിപ്പിച്ച ശേഷം ഇയാൾ എല്ലാവരുടെയും അഭിനന്ദനവും നന്ദിയും ഏറ്റുവാങ്ങി മടങ്ങിപ്പോവുകയും ചെയ്തു.
തുടര്‍ന്ന് 16ന് പകല്‍ ജ്ഞാനസുന്ദരിയുടെ ഫോണിലേക്ക് നിരന്തരം ഫോണ്‍കാൾ വന്നു. ബിജു എന്ന പേരിൽ സംസാരിച്ചയാള്‍ അനുമതി നേടി ഇവരെ മഹാത്മയിൽ കാണാനെത്തിയതോടെയാണ് നാടകത്തിന്‍റെ ചുരുളഴിഞ്ഞത്. മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ താൻ തന്നെയാണ് മകനെന്ന് മഹാത്മ അധികൃതരോട് സമ്മതിക്കുകയായിരുന്നു
ജ്ഞാനസുന്ദരിയും മകന്‍ അജികുമാറും ഭാര്യ ലീനയും ചേര്‍ന്ന് നടത്തിയ കളളക്കളിയായിരുന്നു ഇതെന്നും അമ്മയെ സംരക്ഷിക്കാന്‍ ഭാര്യ തയാറാകാത്ത സാഹചര്യത്തിലാണ് അഗതി മന്ദിരത്തിലെത്തിച്ചതെന്നും ഇയാൾ സമ്മതിച്ചു. മകനാണെന്ന് പറഞ്ഞ് സമീപിച്ചാൽ ചെലവിനു പണം നൽകേണ്ടി വരുമെന്നത് മനസ്സിലാക്കിയാണ് അജ്ഞാത സ്ത്രീയായി അമ്മയെ ചിത്രീകരിച്ചതെന്നും ഇയാൾ സമ്മതിച്ചു.
മഹാത്മ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് അജികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാവിനെ തെരുവില്‍ ഉപേക്ഷിച്ചതിനും ആള്‍മാറാട്ടം നടത്തി അഗതിമന്ദിരത്തിലെത്തിച്ചതിനും മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയതിനും അജികുമാറിനെതിരെ മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, അടൂര്‍ പൊലീസിലും ഓള്‍ഡ്ഏജ് മെയിന്‍റനല്‍ ആക്ട് പ്രകാരം നിയമനടപടികള്‍ക്കായി അടൂര്‍ ആര്‍.ഡി.ഒ മുമ്പാകെയും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.