കൊടുമണ്‍: ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. മതിലുകള്‍ പൊളിച്ച് നിര്‍മിക്കുക, വിട്ടുകൊടുത്ത വസ്തുവിന്റെ വശങ്ങള് കെട്ടിക്കൊടുക്കുക ഉള്‍പ്പെടെയുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കൊടുമണ്‍, ഏഴംകുളം പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പുതുമല മൂന്നാംകുറ്റിയില്നിന്നാണ് പ്രവൃത്തി ആരംഭിച്ചത്. ഏഴംകുളം, കൊടുമണ്‍, കൈപ്പട്ടൂര്‍ എന്നിവിടങ്ങളിലെ ഇത്തരത്തിലുള്ള പ്രവൃത്തി അവസാനിച്ചശേഷം ഓട നിര്‍മാണം നടക്കും. കൊടുമണ്‍ പഞ്ചായത്ത് കെ.കെ. ശ്രീധരന്, വൈസ് പ്രസിഡന്റ് ധന്യാദേവി, പഞ്ചായത്ത് അംഗങ്ങളായ വിപിന്‍കുമാര്‍, ബാബുജോണ്‍, അജി, സി.പി.എം ഏരിയ സെക്രട്ടറി എ.എന്‍. സലിം, വിജയന് നായര്‍, അസി. എൻജിനീയര്‍ കെ.വൈ. ഫിലിപ്, പ്രോജക്ട് എൻജിനീയര്‍ രാംകുമാര്‍, സൂപ്പര്‍വൈസര്‍ മെര്‍ലി ജോണ്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. 12 മീറ്റര്‍ വീതിയിലാണ് ടാറിങ് നടത്തുന്നത്. 12 മീറ്റര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് സംരക്ഷണ ഭിത്തിയും മതില് ഉള്ളവര്‍ക്ക് മതിലും സൗജന്യമായി നിര്‍മിച്ചുനല്‍കും. 28 കലുങ്ക്, പാലം, ഓട, ബസ് ഷെല്‍റ്റര്‍, സംരക്ഷണഭിത്തി എന്നിങ്ങനെയാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്.
10.208 കിലോമീറ്റര്‍ നീളത്തിലാണ് ഈ റോഡ് നിര്‍മിക്കുന്നത്. ബി.എം-ബി.സി നിലവാരത്തില്‍ നിര്‍മിക്കുന്ന ഈ റോഡില്‍ മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓട സംവിധാനവുമുണ്ടാകും. ശബരിമല തീര്‍ഥാടനകാലത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ പത്തനംതിട്ട ടൗണില്‍ ഈ റോഡിലൂടെ എത്താൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.