അടൂർ: തമിഴ്നാട്ടിൽ കനത്ത മഴ മൂലം പൂക്കൾ അഴുകിപ്പോയതിനാൽ ഇത്തവണ വില കൂടാനാണ് സാധ്യത. തമിഴ്നാട്ടിലെ ശങ്കരൻ കോവിൽ, ദണ്ഡിക്കൽ, ഹൊസൂർ, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽനിന്നാണ് പൂക്കൾ എത്തുന്നത്. ഹൊസൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ രണ്ടുമൂന്ന് ദിവസമായി മഴയുണ്ട്.
അതിനാൽ ബന്ദിപ്പൂക്കൾ അഴുകിപ്പോകുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം പൂകൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. മുല്ലപ്പൂ കിലോക്ക് 1500 രൂപയാണ് വില. ചിങ്ങ മാസമായതോടെ നിരവധി വിവാഹങ്ങളാണ് നടക്കുന്നത്. ഇതും വില വർധനക്ക് കാരണമാണ്.
അത്തപ്പൂക്കളത്തിനുള്ള മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ബന്ദിപ്പൂ ഇവക്ക് കിലോക്ക് 110, 120 രൂപയും വാടാമുല്ലക്ക് 250, അരളിക്ക് 400, റോസക്ക് 350 എന്നിങ്ങനെയാണ് വില. വരുംദിവസങ്ങളിൽ സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഓണാഘോഷം നടക്കുന്നതിനാൽ പൂക്കൾക്ക് ആവശ്യക്കാർ ഏറും. മഴ കാരണം കടകളിൽ എത്തുന്ന നനഞ്ഞ പൂക്കൾ പെട്ടെന്ന് അഴുകിപ്പോകുന്നതിനാൽ
കൂടുതൽ പൂക്കൾ സ്റ്റോക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. മുല്ലപ്പൂ തെങ്കാശ്ശിയിൽനിന്നും റോസാപ്പൂക്കൾ ഹൊസൂരിൽനിന്നുമാണ് എത്തുന്നത്. കോവിഡ് ബാധയെ തുടർന്ന് മൂന്ന് വർഷമായി പൂവിപണി മന്ദീഭവിച്ചിരുന്നത് ഓണത്തോടെ പുനരുജ്ജീവിച്ചെങ്കിലും മഴ ആശങ്കയുയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.