അടൂർ: 16കാരി വിദ്യാർഥിനിയെ ടെലിഗ്രാം വഴി പരിചയപ്പെട്ട് ഫോട്ടോ കൈക്കലാക്കിയതിനുശേഷം മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി മൂന്നുപവനും 70,000 രൂപയും കൈക്കലാക്കിയതിന് മൂന്ന് യുവാക്കളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ പരാതിപ്രകാരമാണ് എറണാകുളം പാനായിക്കുളം പൊട്ടൻകുളം വീട്ടിൽ പി.എസ്. അലക്സ് (21), പന്തളം പൂഴിക്കാട് മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം നിർമാല്യം വീട്ടിൽ അജിത് (21), പന്തളം കുരമ്പാല പുന്തല പടിക്കൽ വീട്ടിൽ പ്രണവ് കുമാർ (21) എന്നിവരെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പെൺകുട്ടിയുമായി ടെലിഗ്രാം വഴി സൗഹൃദം സ്ഥാപിച്ച അലക്സ് അവൾക്ക് മറ്റൊരു സുഹൃത്തുമായുണ്ടായ പിണക്കം മാറ്റിക്കൊടുക്കാം എന്നുപറഞ്ഞ് ഫോട്ടോ വാങ്ങിയ ശേഷം മോർഫ് ചെയ്ത് അശ്ലീല ഫോട്ടോ ആക്കി അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. പണമില്ലാത്തതിനാൽ പെൺകുട്ടി ആദ്യം തന്റെ സ്വർണക്കൊലുസ്സ് ഊരി നൽകുകയും പിന്നീട് സ്വർണം മറ്റൊരാളെകൊണ്ട് പണയം വെപ്പിച്ചും മറ്റും പണം നൽകുകയുമായിരുന്നു. അജിത്തും പ്രണവ് കുമാറും പെൺകുട്ടിയിൽനിന്ന് സ്വർണവും പണവും കൈപ്പറ്റുകയും വീട്ടിൽ അറിയാതിരിക്കാൻ ഗോൾഡ് കവറിങ് കൊലുസ്സ് വാങ്ങി നൽകുകയും ചെയ്തു.
എറണാകുളത്തെ വീട്ടിൽനിന്ന് അജിത്തിനെയും മറ്റു രണ്ടുപേരെ പന്തളത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്റെ നിർദേശപ്രകാരം ഏനാത്ത് സി.ഐ പി.എസ്. സുജിത്, എസ്.ഐ ടി. സുരേഷ്, എസ്.സി.പി.ഒ കിരൺ, സി.പി.ഒ മനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.