ഉ​ദ്വേഗത്തിന്‍റെ മുൾമുനയിൽ ജംബോ സർക്കസ് തുടരുന്നു

പ്രതിസന്ധിയിലായ സർക്കസ് കലാകാരന്മാർക്ക് ഇത്​ അതിജീവനത്തിന്റെ കാലം പത്തനംതിട്ട: കണികളെ ഉ​ദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തുന്ന അഭ്യാസപ്രകടനങ്ങളുമായി പത്തനംതിട്ടയിൽ ജംബോ സർക്കസ് തുടരുന്നു. ബ്യൂഗിൾ സംഗീതത്തിന്റെയും ഡ്രം സെറ്റ് താളങ്ങളുടെയും അകമ്പടിയിലുള്ള ഓരോ അഭ്യാസപ്രകടനങ്ങളും നെഞ്ചിടിപ്പിക്കുന്നതാണ്. 40 അട‌ി ഉയരത്തിൽ അന്തരീക്ഷത്തിൽ പറന്നും തിരിഞ്ഞും മറിഞ്ഞുമുള്ള ഊഞ്ഞാലാട്ടം, അമേരിക്കൻ സർക്കസിൽ കണ്ടുവരുന്ന റിങ്​ ഓഫ് ഡെക്ക്, റഷ്യൻ കലയായ ഉല്ലാഹു, റിങ്​ ബാലൻസ്, മാന്ത്രികപ്രകടനങ്ങൾ, സൈക്കിളിങ്​, പക്ഷികൾ, കുതിരകൾ, ഒട്ടകം, നായ്ക്കൾ എന്നിവയുടെ അഭ്യാസങ്ങൾ തുടങ്ങി 26 ഇനത്തിലാണ് അരങ്ങേറുന്നത്. അഴൂർ ന്യൂ ഇന്ദ്രപ്രസ്ഥ ഗ്രൗണ്ടിൽ ദിവസവും ഉച്ചക്ക്​ ഒന്ന്​, വൈകീട്ട് നാല്, ഏഴ് എന്നീ സമയങ്ങളിലാണ് പ്രദർശനം. രണ്ട്​ വർഷം മുമ്പ്​​ കായംകുളത്ത്​ സർക്കസ് നടക്കുമ്പോഴാണ്​ കോവിഡ്​ തുടങ്ങുന്നത്​. ഇതോടെ ഷോ നിർത്തിവെക്കുകയായിരുന്നു. പിന്നീട്​ ജനുവരിയിലാണ്​ തുടങ്ങിയത്​. പത്തനംതിട്ടയിൽ രണ്ടാമത്തേതാണ്. ലോക്ഡൗണിൽ പ്രതിസന്ധിയിലായ സർക്കസ് കലാകാരന്മാർക്ക് ഇത്​ അതിജീവനത്തിന്റെ കാലംകൂടിയാണ്​. കാണികൾ പഴയ ആവേശത്തോടെ സർക്കസ്​ കൂടാരത്തിലെത്തുന്നത് കലാകാരന്മാർക്ക് ആശ്വാസം നൽകുന്നു. നേപ്പാൾ, പശ്ചിമബംഗാൾ, അസം, കണ്ണൂർ എന്നിവിടങ്ങളിൽനിന്നുള്ള മികച്ച കലാകാരന്മാരാണ് ജംബോയിലുള്ളത്. വിസ്മയ പ്രകടനങ്ങളിലെ പുതുമയാണ് ജംബോയുടെ പ്രത്യേകത. 14ാം വയസ്സുമുതൽ സർക്കസ് വേദികളെ കിടിലംകൊള്ളിച്ച കണ്ണൂർ സ്വദേശി രവീന്ദ്രൻ പനങ്കാവാണ് ജംബോ സർക്കസ് മാനേജർ. സർക്കസ് കലാകാരന്മാരെ സർക്കാർ അവഗണിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. റഷ്യയിൽ സർക്കസിന് സ്കൂളും സർവകലാശാലയുമുണ്ട്. വിസ്മയക്കാഴ്ചകളും അഭ്യാസങ്ങളും ഒരുക്കുന്ന സര്‍ക്കസ് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വിവിധ വേഷങ്ങളിൽ അരങ്ങിലെത്തുന്ന ഇവരുടെ വിഷമങ്ങൾ ആരും അറിയുന്നില്ല. -------------- പടം..... പത്തനംതിട്ടയിൽ നടക്കുന്ന ജംബോ സർക്കസിൽനിന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.