കായംകുളം-പത്തനാപുരം പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി തുടങ്ങി

'മാധ്യമം' ഇംപാക്ട് അടൂര്‍: കായംകുളം-പത്തനാപുരം സംസ്ഥാനപാതയിലെ ഓടകളിലെ വെള്ളക്കെട്ട് മാറ്റാൻ നടപടി തുടങ്ങി. എസ്കവേറ്റർ ഉപയോഗിച്ച് ഓടയിലെയും പാതയുടെ ഇരുവശങ്ങളിലെയും കാടും മാലിന്യവും നീക്കംചെയ്യുകയാണ്. അധികൃതരുടെ അനാസ്ഥ മൂലം ഓടനിറഞ്ഞ് പാതയിൽ മഴയത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടും അപകടവും ഉണ്ടാക്കുന്നതിനെക്കുറിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത പൊതുപ്രവർത്തകനും സാമൂഹിക നീതിവകുപ്പ് അനുരഞ്ജന ഓഫിസറുമായ ഏനാദിമംഗലം പൂതങ്കര കമൽ ഭവനിൽ ബി.ആർ. നായർ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസി​ൻെറ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. മഴയത്ത് വെള്ളം ഓടയിലൊഴുകാത്തതിനാല്‍ പാത നിറഞ്ഞാണ് വെള്ളം ഒഴുകുന്നത്. ചിലയിടങ്ങളില്‍ മുട്ടിനു മീതെവരെ ശക്തമായ മഴയില്‍ പാതയില്‍ വെള്ളംനിറയും. മഴ തോര്‍ന്ന് മണിക്കൂറുകള്‍ കഴിഞ്ഞാവും പാതയില്‍നിന്ന് വെള്ളം പിന്‍വലിയുക. അടൂര്‍ സെന്‍ട്രല്‍ കവല, കോട്ടമുകള്‍, ടി.ബി. ജങ്ഷന്‍, പറക്കോട്, ഏഴംകുളം, മരുതിമൂട്, ഇളമണ്ണൂര്‍ തീയറ്റര്‍ കവല, ഹൈസ്‌കൂള്‍ കവല, ഇരുപത്തിമൂന്നാം മൈല്‍, ഏനാദിമംഗലം സി.എച്ച്.സി കവല, ചാങ്കൂര്‍, മാരൂര്‍, പുതുവല്‍, പുതുവലിനു കിഴക്ക് എന്നിവിടങ്ങളിലാണ് പാത നിറഞ്ഞൊഴുകുന്നത്. പാതയില്‍ മിക്കയിടത്തും ഓടകളില്ല. ഓടകള്‍ ഉള്ളയിടങ്ങളില്‍ അത് ആദ്യാന്തമില്ലാത്തവയും കാടുകയറി മാലിന്യം നിറഞ്ഞ നിലയിലുമാണ്. പഴയ ഓടകളിലെ മാലിന്യം നീക്കംചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കാനും പൊതുമരാമത്ത് അധികൃതര്‍ കൂട്ടാക്കുന്നില്ല. പാതയോരങ്ങളില്‍നിന്ന് കാടു വളര്‍ന്ന് കാല്‍നട പോലും ദുരിതത്തിലാക്കുന്ന സ്ഥിതിയിലെത്തി. ചെറിയ മഴയത്തുപോലും വെള്ളക്കെട്ട് രൂപപ്പെടുന്ന പുതുവലിലും ചാങ്കൂര്‍, മാരൂര്‍, ഇരുപത്തിമൂന്നാം മൈല്‍ കവല, ഏഴംകുളം എന്നിവിടങ്ങളില്‍ ഇരുചക്ര വാഹനയാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. ദേശീയ നിലവാരത്തില്‍ ടാറിങ് നടത്തിയ പാതയിലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. വെള്ളത്തിലൂടെ വാഹനം പോകുമ്പോള്‍ നടന്നുപോകുന്നവരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നത് യാത്രക്കാര്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. PTL ADR KP Road കായംകുളം-പത്തനാപുരം സംസ്ഥാനപാതയിൽ കോട്ടമുകൾ കവലയിൽ പാതയോരത്തെയും ഓടയിലെയും കാടും മാലിന്യവും നീക്കംചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.