ദശാബ്​ദം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാകാതെ ഏനാത്ത് ബസ്‌ ബേ

അടൂർ: ഏനാത്ത് കവലയിലെ ഗതാഗതക്കുരുക്കിന്​ പരിഹാരമായി സ്ഥാപിച്ച ബസ്‌ ബേ പദ്ധതി പൂര്‍ത്തീകരിച്ചില്ല. ജില്ല പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് പദ്ധതി വിഭാവനം ചെയ്തത്്. അടൂര്‍, പത്തനാപുരം, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചവറ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഏനാത്ത് വന്നുപോകുന്ന കെ.എസ്.ആർ.ടി.സി ഓര്‍ഡിനറി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും വേണ്ടിയായിരുന്നു ബസ്‌ ബേ. ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പഴകുളം മധു മുന്‍കൈയെടുത്താണ് നിര്‍മാണത്തിന്​ തുടക്കമിട്ടത്. ജില്ല പഞ്ചായത്ത് നാലുലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയും ആദ്യഘട്ടമായി ഇതിന്​ വകയിരുത്തി. നെല്‍വയല്‍ നികത്തി ബസ്‌ബേ നിര്‍മിക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ ശ്രമം വിവാദക്കുരുക്കിലായതോടെയാണ് നിര്‍മാണം അനിശ്ചിതത്വത്തിലായത്. ഫെഡറല്‍ ബാങ്ക് ഏനാത്ത് ശാഖക്ക് എതിര്‍വശം എം.സി റോഡരികിലാണ് 10 സൻെറ്​ സ്ഥലം ബസ്‌ബേക്കായി 2009 ഒടുവില്‍ ഏറ്റെടുത്തത്. വയല്‍ സൗജന്യമായി നല്‍കിയ സ്വകാര്യവ്യക്തിക്ക് ബാക്കിയുള്ള ഒരേക്കറോളം വയല്‍ നികത്താന്‍ മൗനാനുവാദം നല്‍കിയെന്ന്​ ആരോപിച്ചാണ് സി.പി.ഐയും ഒരു വിഭാഗം സി.പി.എം നേതാക്കളും കോണ്‍ഗ്രസും രംഗത്തുവന്നത്. ഈ വയലിന് എതിര്‍വശത്ത് ഏനാത്ത് ചന്തക്കായി വയല്‍ നികത്തിയപ്പോള്‍ സ്വകാര്യ വ്യക്തികള്‍ക്കും സമീപത്തെ വയല്‍ നികത്താന്‍ സി.പി.എം നേതൃത്വം നല്‍കിയിരുന്ന മുന്‍ പഞ്ചായത്ത് അധികൃതര്‍ ഒത്താശ ചെയ്തത്രെ. ഈ അനുഭവം ആവര്‍ത്തിക്കുമെന്ന് കണ്ടാണ് മുന്‍ ആര്‍.ഡി.ഒ എന്‍.കെ. സുന്ദരേശന്‍ കര്‍ശന നടപടി സ്വീകരിച്ചത്. അദ്ദേഹത്തി​ൻെറ അധ്യക്ഷതയില്‍ കൂടിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണസമിതി യോഗം പഞ്ചായത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് ബസ്‌ബേ നിര്‍മിക്കുന്നതിന് 2010 ഡിസംബറിലാണ് തുടക്കമിട്ടത്. ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡൻറ്​ അപ്പിനഴികത്ത് ശാന്തകുമാരിയാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. സര്‍ക്കാര്‍ അനുമതിയില്ലാതെ നിർദിഷ്​ട സ്ഥലത്ത് മണ്ണിട്ട് നികത്താന്‍ തുടങ്ങിയപ്പോള്‍ ആര്‍.ഡി.ഒ ഇടപെട്ട് തടയുകയായിരുന്നു. ബസ്‌ബേ നിര്‍മാണത്തി​ൻെറ മറവില്‍ ഭൂമാഫിയയെ സഹായിക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നതെന്ന വ്യാപക ആരോപണമുണ്ടായി. ബസ്‌ബേ നിര്‍മാണം തടസ്സപ്പെടുത്തിയ റവന്യൂ അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഏനാത്ത് ആക്​ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ സമരവും ഏഴംകുളം ഗ്രാമപഞ്ചായത്തും ജില്ല പഞ്ചായത്തും ചേര്‍ന്ന് ഹര്‍ത്താലും നടത്തി. എം.സി റോഡ് ഉപരോധിക്കുന്നത്​ ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികള്‍ തുടരുന്നതിനിടക്കാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതി ഇടപെട്ടത്. ഒടുവില്‍ ബസ്‌ബേക്ക്​ മാത്രമായി വയല്‍ നികത്താന്‍ അനുവാദം നല്‍കുകയായിരുന്നു. സ്വകാര്യവ്യക്തി ത​ൻെറ സ്ഥലത്ത് വാഴ കൃഷി തുടങ്ങുകയും ചെയ്തു. ജില്ല പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഭരണസമിതികള്‍ മാറി വന്നതോടെയാണ് ബസ്‌ബേ സംബന്ധിച്ച നൂലാമാലകള്‍ നീങ്ങിയത്. ബസ്‌ബേയുടെ ഒരുനില മാത്രമാണ് കഴിഞ്ഞ ഭരണസമിതി കാലത്ത് പൂര്‍ത്തിയായത്. മുകള്‍ നിലയില്‍ വിശ്രമകേന്ദ്രം ഉള്‍പ്പെടെയുള്ള പദ്ധതിയാണ് പൂര്‍ത്തീകരിക്കേണ്ടത്. ഉദ്ഘാടനം നടത്തി കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇവിടെ കയറാന്‍ നടപടി ആയില്ല. -അന്‍വര്‍ എം. സാദത്ത് ചിത്രം: PTL Enathu Bus Way പണി പൂർത്തിയാകാത്ത ഏനാത്ത് ബസ്‌ബേ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.