നെടിയാരത്തിൽപടിയിലെ മാലിന്യം തള്ളൽ നാട്ടുകാർക്ക്​ ദുരിതം

തിരുവല്ല: പൊടിയാടി-പെരിങ്ങര റോഡിൽ നെടിയാരത്തിൽപടിയിൽ റോഡിലും ജലാശയത്തിലും പതിവാകുന്ന മാലിന്യം തള്ളലിൽ പൊറുതിമുട്ടി നാട്ടുകാരും വാഹനയാത്രികരും. ഇറച്ചിക്കടകളിലെയും മത്സ്യക്കച്ചവട സ്ഥാപനങ്ങളിലെയും അടക്കമുള്ള മാലിന്യമാണ്​ ചാക്കുകളിലും പ്ലാസ്​റ്റിക് കവറുകളിലും കെട്ടി റോഡിലും റോഡിനോട് ചേർന്നുള്ള ജലാശയത്തിലും തള്ളുന്നത്​. മാലിന്യത്തിൽനിന്നുള്ള ദുർഗന്ധത്തിൽ യാത്രക്കാർ മൂക്കുപൊത്തിയാണ്​ യാത്ര ചെയ്യുന്നത്​. ജലാശയത്തിലെ മാലിന്യം തള്ളൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വഴിതെളിക്കുന്നു. നിരന്തര പരാതികൾക്കൊടുവിൽ നാലുമാസം മുമ്പ്​ ഗ്രാമപഞ്ചായത്ത്​ നേതൃത്വത്തിൽ ഇവിടുത്തെ കാട് വെട്ടിത്തെളിച്ചിരുന്നു. ജലാശയത്തിലടക്കം കെട്ടിക്കിടന്ന മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് നീക്കിയിരുന്നു. എന്നാൽ, മഴക്കാലമായതോടെ വീണ്ടും കാട് വളർന്നതോടെയാണ്​ മാലിന്യം തള്ളൽ വീണ്ടും വർധിച്ചത്. സ്കൂട്ടറിലെത്തിച്ച മാലിന്യച്ചാക്ക് ജലാശയത്തിലേക്ക് പട്ടാപ്പകൽ തള്ളാൻ ശ്രമിച്ച മധ്യവയസ്കനെ ഏതാനും മാസങ്ങൾക്ക് മുമ്പ് നാട്ടുകാർ കൈയോടെ പിടികൂടിയിരുന്നു. മാലിന്യം ഉപേക്ഷിക്കുന്നത്​​ തടയുന്നതിന്​ പ്രദേശവാസികളെ ഉൾപ്പെടുത്തി പ്രത്യേക സ്ക്വാഡിനു രൂപം നൽകുമെന്നും നിരീക്ഷണ കാമറ സ്ഥാപിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. സുനിൽ കുമാർ പറഞ്ഞു. വെബിനാർ പരമ്പരക്ക്​ തുടക്കം തിരുവല്ല: മാർത്തോമ കോളജ് നാഷനൽ സർവിസ് സ്കീം സംഘടിപ്പിക്കുന്ന വെബിനാർ പരമ്പര 'റിസർക്​ഷ'ന്​ തുടക്കം. വിഭിന്ന വൈജ്ഞാനിക മേഖലകളെ സംയോജിപ്പിച്ച വെബിനാർ പരമ്പര കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്​ഘാടനം ചെയ്തു. വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ച്​ അവതരിപ്പിക്കുന്ന വെബിനാർ പരമ്പര 2021 മാർച്ച്‌ 22വരെയാണ്. കേരള അഗ്രിക്കൾചർ യൂനിവേഴ്സിറ്റിയുടെ സദാനന്തപുരം കൃഷി വിജ്ഞാനകേന്ദ്രം അസി. പ്രഫ. ഡോ. എം. ലേഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. വർഗീസ്‌ മാത്യു, ഡോ. പി.ജെ. വർഗീസ്‌, ഡോ. ജോൺ ബെർലിൻ, പ്രഫ. കെസിയ മേരി ഫിലിപ്പ്, മേഘ സുരേഷ്, ആര്യൻ കെ. ജിത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.