പൂങ്കാവ്-പത്തനംതിട്ട റോഡില്‍ അപകടക്കെണിയായി ഓട നിര്‍മാണം

കോന്നി: പൂങ്കാവ്-പ്രമാടം മഹാദേവക്ഷേത്രം-പത്തനംതിട്ട റോഡില്‍ പൊതുമരാമത്ത് നടത്തുന്ന ഓട നിർമാണം യാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു. റോഡിന്‍റെ നല്ലൊരു ഭാഗം കവര്‍ന്ന് വീതിയും ആഴവും കൂട്ടിയാണ് ഓടയുടെ നിര്‍മാണം. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ഗതാഗതം സുഗമമാക്കാൻ അധികൃതർ ഒന്നും ചെയ്യാത്തതിൽ പ്രതിഷേധിച്ച്​ നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡിൽ വാഴ നട്ടു. പ്രമാടം സ്‌കൂള്‍ ജങ്​ഷനും വായനശാലക്കും ഇടയിലായാണ് റോഡ് വികസനത്തിന്റെ ഭാഗമായി ഓട നിര്‍മിക്കുന്നത്. ഇതിനുവേണ്ടി റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളായി. ഇതുവരെ നിർമാണം പൂര്‍ത്തീകരിക്കുന്നതിനോ കുഴിമൂടുന്നതിനോ അധികൃതര്‍ തയാറായിട്ടില്ല. ഇതേതുടര്‍ന്നാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. രാത്രിയാണ് കൂടുതല്‍ വാഹനങ്ങളും അപകടത്തിൽപെടുന്നത്. സ്‌കൂള്‍ തുറന്നതോടെ അപകടസാധ്യതയും വർധിച്ചു. നിരവധി കുട്ടികളാണ് സൈക്കിളിലും കാല്‍നടയായും ഇതുവഴി യാത്ര ചെയ്യുന്നത്. സ്വകാര്യ ബസുകള്‍ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങള്‍ അപകട ഭീഷണിയിലാണ് ഇതുവഴി സർവിസ് നടത്തുന്നത്. റോഡ് പുനരുദ്ധാരണ ഭാഗമായി പുതിയ ഓട നിര്‍മിക്കാനാണ് റോഡിന്‍റെ സൈഡില്‍ നല്ല വീതിയിലും ആഴത്തിലുമുള്ള കുഴിയെടുത്തത്. മഴ സമയത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശമാണിത്. ഓട വഴി എത്തുന്ന വെള്ളം അശാസ്ത്രീയമായാണ് സമീപത്തെ പാടശേഖരിലേക്ക് ഒഴുക്കിവിടുന്നതെന്ന് കാട്ടി സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതോടെയാണ്​ പണി മുടങ്ങിയത്​. തീരുമാനം അനുകൂലമായാല്‍ ഉടന്‍ പണി തുടങ്ങുമെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. ഈ ഭാഗം ഒഴികെയുള്ള ഭാഗങ്ങളില്‍ റോഡ് ഉയര്‍ത്തലും വീതികൂട്ടലുമൊക്കെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കുഴിയിലും സമീപത്തും കരിയിലകള്‍ നിറഞ്ഞുകിടക്കുന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതും കൂടുതല്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. മുടങ്ങിക്കിടക്കുന്ന ഓടയുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും അല്ലെങ്കില്‍ കുഴിമൂടി അപകട ഭീഷണി ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.