ഉത്സവ അകമ്പടിയിൽ പ്രവേശനം

പത്തനംതിട്ട: മഴയുടെ അകമ്പടി, പുത്തനുടുപ്പണിഞ്ഞ്​ പുത്തൻകുടയും ചൂടി പുതുലോകത്തേക്ക്​ ചുവടുവെപ്പ്​​. ബലൂണുകളും അലങ്കാരങ്ങളും വർണചിത്രങ്ങളും ആളും ആരവവുമെല്ലാം ചേർന്ന്​ ഉത്സവാന്തരീക്ഷം. അതി‍ൻെറ കൗതുകവും രക്ഷിതാക്കളുടെ കൈവിട്ട്​ ക്ലാസിലേക്ക്​ കടന്നപ്പോഴുള്ള ചെറുഭയവും ചിണുങ്ങലും.... മധുരം നുണഞ്ഞപ്പോൾ പാൽചിരിയും. രണ്ടുവർഷത്തെ ഇടവേളക്കു​ ശേഷമുള്ള പ്രവേശനോത്സവം സ്കൂളുകൾ ഉത്സവമാക്കി. ആദ്യമായി സ്‌കൂളിലെത്തിയവര്‍ക്കും രണ്ടു വര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം ശീലിച്ചവര്‍ക്കും പ്രവേശനോത്സവം കൗതുക കാഴ്ചയും അനുഭവവുമായി. ജില്ലതല പ്രവേശനോത്സവം നടന്ന ആറന്മുള സ്കൂളിൽ പാട്ടും കളിചിരികളുമായി കലക്ടറും മന്ത്രി വീണ ജോർജും കുരുന്നുകളെ വരവേറ്റു. പ്രളയകാലത്ത്​ കൈപിടിച്ച്​​ ജീവിതത്തിലേക്ക്​ എത്തിച്ച കുരുന്നിനെ ഇപ്പോൾ അറിവി‍ൻെറ ലോകത്തേക്കും കൈപിടിച്ച്​ ആനയിക്കാനായതി‍ൻെറ നിർവൃതി നുകരാൻ കഴിഞ്ഞത്​ മന്ത്രി​ വീണക്കും പുത്തൻ അനുഭവമായി. ജില്ലയിലെ എല്ലാ സ്കൂളുകളിലും ആഘോഷമായി പ്രവേശനോത്സവം നടന്നു. അൺഎയ്​ഡഡ്​ സ്കൂളുകളിലും ആഘോഷമായി കുരുന്നുകളെ വരവേറ്റു. ഉച്ചയോടെ എല്ലായിടത്തും ക്ലാസുകൾ അവസാനിപ്പിച്ചു. വ്യാഴാഴ്ച മുതൽ സാധാരണ നിലയിൽ ക്ലാസുകൾ നടക്കും. മഴമേഘങ്ങളുടെ ഇരുളവും ഇടക്ക്​ ചെയ്ത ചെറുമഴയും മിന്നിത്തെളിയുന്ന വെയിലും പതിവുതെറ്റിക്കാതെ പ്രവേശനോത്സവത്തിന്​ അകമ്പടി സേവിച്ചു. കുട്ടികളുടെ പോക്കും വരവും എല്ലായിടത്തും സ്കൂൾ ബസുകളിലായതോടെ വർണക്കുടകൾ പലരുടെയും കൈകളിലുണ്ടായില്ല എന്നത്​ ഇത്തവണത്തെ പ്രത്യേകതയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.