ഷൊർണൂരിൽ തീപാറുന്ന ത്രികോണ മത്സരം

ഷൊർണൂർ: ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഷൊർണൂരിൽ നഗരഭരണം ആര് കൈയാളുമെന്ന് പ്രവചിക്കുക എളുപ്പമല്ല. 35 വാർഡുകളുള്ള നഗരസഭയിലെ മിക്ക വാർഡുകളിലും തീപാറുന്ന ത്രികോണ മത്സരമാണ്. ചില വാർഡുകളിൽ യു.ഡി.എഫിനും എൽ.ഡി.എഫിനുമാണ് മുൻതൂക്കമെങ്കിലും മറ്റ് ചിലതിൽ എൻ.ഡി.എക്കാണ് മേൽക്കൈ.

നഗരസഭ രൂപവത്കൃതമായി അരനൂറ്റാണ്ടാവാറായെങ്കിലും ഇതുവരെ ഇടതല്ലാതെ ആരും ഭരിച്ചിട്ടില്ല. വിമത നേതാവായിരുന്ന എം.ആർ. മുരളി ജനകീയ വികസന സമിതി എന്ന സംഘടനയുണ്ടാക്കി മത്സരിച്ച തെരഞ്ഞെടുപ്പിൽ മാത്രമാണ് സി.പി.എമ്മിന് ഭരണം നഷ്ടപ്പെട്ടത്. എന്നാൽ, വൈകാതെ മുരളി പാർട്ടിയിൽ തിരിച്ചെത്തുകയും ഭരണം സി.പി.എമ്മിന് തന്നെ തിരികെ ലഭിക്കുകയും ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെടുമെന്ന ഘട്ടം വരെയെത്തിയെങ്കിലും എസ്.ഡി.പി.ഐയുടെ ഒരംഗത്തിന്റെ പിൻബലത്തിൽ ഭരണം നിലനിർത്തി. നിലവിലെ 33 അംഗ കൗൺസിലിൽ തുടക്കത്തിൽ എൽ.ഡി.എഫ് (16), യു.ഡി.എഫ് (ഏഴ്), എൻ.ഡി.എ (ഒമ്പത്), എസ്.ഡി.പി.ഐ(ഒന്ന്) എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതിൽ കോൺഗ്രസ് അംഗമായിരുന്ന ഷൊർണൂർ വിജയൻ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സി.പി.എമ്മിൽ ചേർന്നു.

മറ്റൊരംഗമായ സി. സന്ധ്യ കഴിഞ്ഞ മാസം നഗരസഭാംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചു. ഇതോടെ കോൺഗ്രസിന്റെ അംഗബലം അഞ്ചായി ചുരുങ്ങി. ഇതിൽ കഴിഞ്ഞ ദിവസം സി.പി.എമ്മിൽ ചേർന്ന സി. സന്ധ്യ അതേ വാർഡിൽ സി.പി.എം സ്ഥാനാർഥിയുമാണ്.

വാർഡ് പുനർനിർണയിച്ചപ്പോൾ രണ്ട് വാർഡ് അധികമായിട്ടുണ്ട്. മുൻ വികസന കാര്യ കമ്മിറ്റി അധ്യക്ഷയായിരുന്ന അഡ്വ.സി. നിർമല മാത്രമാണ് വിമതയായി രംഗത്തുള്ളത്. നിലവിൽ നഗരസഭാധ്യക്ഷനായ എം.കെ. ജയപ്രകാശ് പ്രതിനിധാനം ചെയ്യുന്ന വാർഡിലാണ് നിർമല മത്സരിക്കുന്നത്. നേരത്തെ യു.ഡി.എഫ് ഇവിടെ സ്ഥാനാർഥിയെ തീരുമാനിച്ചിരുന്നെങ്കിലും നിർമല ഇറങ്ങിയതോടെ കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇടക്കാലത്ത് സി.പി.എം ഒറ്റക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. ഇത്തവണ സി.പി.ഐക്ക് നാല് സീറ്റ് നൽകിയിട്ടുണ്ട്. കൂടുതൽ സീറ്റുകൾ ലക്ഷ്യമിട്ട് യു.ഡി.എഫ് സ്വതന്ത്രരെ കൂടുതൽ നിർത്തിയിട്ടുണ്ട്. 18 സീറ്റിൽ വിജയിക്കുന്നവർക്കാണ് നഗരഭരണം ലഭിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ത്രികോണ മത്സരം നഗരഭരണം ത്രിശങ്കുവിലാക്കാനാണ് സാധ്യത തെളിയുന്നത്.

Tags:    
News Summary - triangle competition in Shoranur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.