മാനുക്ക കണയം വേളിക്കുന്നത്തെ വീട്ടിൽ സ്ഥാനാർഥി സുന്ദരി ബാലചന്ദ്രനോടൊപ്പം വോട്ടഭ്യർഥിക്കുന്നു
ഷൊർണൂർ: വയസ് 80 ആയെങ്കിലും തെരഞ്ഞെടുപ്പ് വന്നാൽ കണയത്തുകാരുടെ ‘മാനുക്ക’ ഉഷാറാണ്. ചെറുപ്പക്കാർക്ക് മുന്നിൽ ഓടി നടക്കും. ഷൊർണൂർ നഗരസഭയിൽ 27 കൊല്ലക്കാലം കണയം ഈസ്റ്റിനെയും വെസ്റ്റിനെയും പ്രതിനിധീകരിച്ച പ്രവർത്തന പാരമ്പര്യവും അനുഭവസമ്പത്തുമുണ്ട് പി.മുഹമ്മദ് എന്ന മാനുക്കക്ക്.നഗരസഭയിലെ എല്ലാ പ്രദേശങ്ങളിലും അറിയപ്പെടുന്നയാളുമാണ്.
1980ലാണ് നഗരസഭയിലേക്ക് ആദ്യം തെരഞ്ഞെടുക്കപ്പെടുന്നത്. 85ൽ ഭരണ സമിതി പിരിച്ചുവിട്ടു. പിന്നീട് രണ്ട് കൊല്ലം സ്പെഷൽ ഓഫിസറാണ് ഭരിച്ചത്. 88ലെ തെരഞ്ഞെടുപ്പിൽ വീണ്ടും കൗൺസിലറായി. കൗൺസിൽ കാലാവധി 95 വരെ നീട്ടിയപ്പോൾ ഏഴ് കൊല്ലക്കാലം നഗരസഭാംഗമായി തുടർന്നു. പിന്നീട് നടന്ന രണ്ട് തെരഞ്ഞടുപ്പുകളിലും വിജയക്കൊടി പാറിച്ചു.2005 ലെ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായില്ല. 2010 ൽ മത്സരിച്ച് വീണ്ടും നഗരസഭാംഗമായി.2014 ൽ നഗരസഭാംഗമായി കാൽ നൂറ്റാണ്ട് പിന്നിട്ടതിന്റെ ആഘോഷം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്.
ആദ്യം നഗരസഭാംഗമാവുമ്പോൾ ഇടവഴികളായി കിടന്നിരുന്ന എല്ലാ വഴികളും ഇദ്ദേഹത്തിന്റെ ശ്രമഫലമായി റോഡുകളായി മാറി. കണയം പ്രദേശത്തേക്ക് ആദ്യമായി വൈദ്യുതി എത്തി. കണയം പടിഞ്ഞാറെക്കരയിൽ കുഴൽ കിണർ കുഴിച്ച് ഒമ്പതിനായിരം മീറ്റർ ദൂരത്തിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള പ്രശ്നം പരിഹരിച്ചു.
സ്വന്തം സ്ഥലങ്ങൾ വിട്ട് നൽകി മൂന്ന് അംഗൻവാടി കെട്ടിടങ്ങളും മറ്റൊരു അംഗൻവാടി കെട്ടിടവും നിർമിച്ചു. ഭക്ഷ്യക്ഷാമ കാലത്ത് പ്രശ്ന പരിഹാരത്തിനായി അഞ്ച് ഫീഡിങ് സെൻററുകൾ ആരംഭിച്ച് ഭക്ഷ്യവസ്തുക്കൾ വരുത്തി നൽകി മാതൃകയായി. ഷൊർണൂർ നഗരസഭയെയും വല്ലപ്പുഴ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതിന് പൊയിലൂരിൽ തോടിന് കുറുകെ ജനകീയ പാലം നിർമിച്ചു.
അങ്ങനെ, നഗരസഭാംഗമായ ഒരാൾക്ക് ചെയ്യാനാവുന്നതിന്റെ പരമാവധി ചെയ്തതോടെ അദ്ദേഹം പൊതു സ്വീകാര്യനായി. ഒരു തവണ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനും പിന്നീട് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനുമായി. കഴിഞ്ഞ രണ്ട് ടേമുകളിലായി മത്സര രംഗത്തില്ലെങ്കിലും പ്രചാരണ രംഗത്ത് സജീവമാണ്. കോൺഗ്രസ് പാർട്ടിയിൽ വിവിധ പദവികൾ വഹിച്ചിട്ടുള്ള പി.മുഹമ്മദ് കുളപ്പുള്ളി സർവീസ് ബാങ്ക് ഡയറക്ടറുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.