ഷൊർണൂർ: 1978 ജൂലൈയിലാണ് ഷൊർണൂർ നഗരസഭയായി ഉയർത്തപ്പെട്ടത്. 1980 ഒക്ടോബറിലാണ് ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്ന് ഭരണസമിതി അധികാരമേറ്റത്. ആദ്യത്തെ തെരഞ്ഞെടുപ്പ് തൊട്ടു ഇതേവരെ യു.ഡി.എഫിന് ഭരണം കൈയാളാനായിട്ടില്ല. അത്രയേറെ ചുവന്ന മണ്ണാണ് ഷൊർണൂരിന്റേത്.
2020ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഭരണം നഷ്ടപ്പെടുന്ന സ്ഥിതി വരെയെത്തിയെങ്കിലും എസ്.ഡി.പി.ഐയുടെ ഒരംഗത്തിന്റെ ബലത്തിൽ അവർ പിടിച്ചു നിന്നു. ഇടതുകോട്ടയായ ഷൊർണൂർ പക്ഷെ, രണ്ട് മൂന്ന് തെരഞ്ഞെടുപ്പുകളിലായി ചുവപ്പാഭിമുഖ്യം കുറച്ച് വരുന്നതായാണ് കാണുന്നത്. നിലവിൽ 33 അംഗങ്ങളുള്ള കൗൺസിലിൽ സി.പി.എമ്മിന് 16 കൗൺസിലർമാരാണുള്ളത്. ഇടത് വാർഡുകളിലും രണ്ട് കോൺഗ്രസ് വാർഡുകളിലും കടന്നുകയറിയ ബി.ജെ.പിയാണ് ഒമ്പത് അംഗങ്ങളുമായി രണ്ടാം കക്ഷി. ഏഴ് അംഗങ്ങളെ വിജയിപ്പിച്ച കോൺഗ്രസിന് നിലവിൽ അഞ്ച് അംഗങ്ങളാണുള്ളത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡി.സി.സി സെക്രട്ടറി കൂടിയായ ഒരംഗം ചേക്കേറി. മറ്റൊരു വനിത അംഗം കഴിഞ്ഞമാസം നഗരസഭാംഗത്വം രാജിവെച്ചു. ഇവർ കഴിഞ്ഞദിവസം സി.പി.എമ്മിൽ ചേർന്നു. ശക്തമായ ത്രികോണ മത്സരത്തിനുള്ള സാധ്യതയാണ് ഷൊർണൂരിൽ നിലനിൽക്കുന്നത്. ആദ്യം തന്നെ 25 വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി കളത്തിലിറങ്ങി കളി തുടങ്ങി. കോൺഗ്രസ് അവരുടെ സ്വാധീന മേഖലകളിലെ വാർഡുകളിൽ ഔദ്യോഗികമായല്ലെങ്കിലും സ്ഥാനാർഥികളെ രംഗത്തിറക്കി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സി.പി.എമ്മാകട്ടെ മതിലുകൾ ബുക്ക് ചെയ്ത് വെള്ളപൂശിയെങ്കിലും ആരെയും രംഗത്തിറക്കിയിട്ടില്ല. ഇടക്കാലത്ത് എം.ആർ. മുരളിയുടെ വിമതനീക്കത്തിൽ സി.പി.എം ആടിയുലഞ്ഞിരുന്നു.
2010ൽ കോൺഗ്രസ് പിന്തുണയോടെ വിമതരുടെ പാർട്ടിയായിരുന്ന ജനകീയ വികസന സമിതി അധികാരത്തിലെത്തുകയും ചെയ്തു. എട്ട് വീതം അംഗങ്ങളുള്ള കോൺഗ്രസും വിമതരും രണ്ടര കൊല്ലം വീതം നഗരഭരണം നടത്താനായിരുന്നു തീരുമാനിച്ചത്. ആദ്യത്തെ രണ്ടര കൊല്ലം എം.ആർ. മുരളി നഗരസഭ ചെയർമാനുമായി. രണ്ടര കൊല്ലം തികയാറായപ്പോഴേക്കും മറുകണ്ടം ചാടി വിമതർ സി.പി.എമ്മിലേക്ക് തന്നെ തിരിച്ചുപോയി. ഇതോടെ വഞ്ചിക്കപ്പെട്ട കോൺഗ്രസിന് നഗരഭരണത്തിലേറാനുള്ള സുവർണാവസരം നഷ്ടമായി.
നഗരസഭയായി ഉയർന്ന് അരനൂറ്റാണ്ടാവാൻ കേവലം മൂന്ന് കൊല്ലമേയുള്ളൂവെങ്കിലും ഷൊർണൂർ ഇതുവരെ ഇടതിനെ കൈവിട്ടിട്ടില്ല. ഇത്തവണ സ്ഥിതി ഭരണപക്ഷത്തിന് അത്ര അനുകൂലമല്ലെന്നത് ഒരു സത്യമാണ്. രണ്ട് വാർഡുകൾ വർധിച്ച് ആകെ 35 വാർഡായിട്ടുണ്ട്. വാർഡ് പുനർവിഭജനവും ജയപരാജയത്തെ ആശ്രയിക്കുന്ന ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.