മങ്കര കൂട്ടുപാതയിൽ മരപ്പണിയിലേർപ്പെട്ടവർ
പത്തിരിപ്പാല: ആധുനിക ഗൃഹോപകരണങ്ങളുടെ കടന്നുകയറ്റം മൂലം മരപ്പണി തൊഴിലാളി മേഖല പ്രതിസന്ധിയിൽ. മങ്കര, പത്തിരിപ്പാല മേഖലയിലെ 25ലേറെ ചെറുകിട മരപ്പണി തൊഴിലാളി സ്ഥാപനത്തിലെ ഉടമകളും തൊഴിലാളികളുമാണ് പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുന്നത്.
വീടുകളിലും മറ്റു സ്ഥാപനങ്ങളിലും നിർമാണ പ്രവൃത്തികളിൽ സ്റ്റീൽ മേഖല കടന്നുകയറിയതോടെയാണ് മരപ്പണി ചെയ്യുന്ന ചെറുകിട സ്ഥാപനങ്ങൾ പൂട്ടേണ്ട അവസ്ഥയിലായത്. 20 വർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി വാങ്ങിച്ച യന്ത്രങ്ങളും തുരുമ്പെടുക്കുന്ന അവസ്ഥയിലാണ്. പലരും മുമ്പ് മരത്തടികൊണ്ടുള്ള ഗൃഹനിർമാണത്തിന് ഇവരെയാണ് ആശ്രയിച്ചിരുന്നത്.
കട്ടിൽ, ജനൽ വാതിൽ, ഫർണിച്ചർ തുടങ്ങി മരത്തിന്റേതായ എല്ലാ ജോലികളും ഇവിടെയാണ് ചെയ്തിരുന്നത്. ഇപ്പോൾ കൂലി പോലും ഒക്കുന്നില്ലെന്നാണ് തൊഴിൽ ഉടമകൾ പറയുന്നത്. ഒരു സ്ഥാപനത്തിൽ രണ്ടു പേരെങ്കിലും ഉണ്ടെങ്കിലേ പ്രവൃത്തികൾ ചെയ്യാനാകു. പഴയ തലമുറയിൽപ്പെട്ടവർ ചിലർ മാത്രമാണ് മരത്തടികൾ കൊണ്ട് ഗൃഹോപകരണങ്ങൾ ഉണ്ടാക്കുന്നത്.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കിട്ടുന്ന തൊഴിൽ കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നതെന്നും പലരും ഈ മേഖല വിട്ട് ഒഴിഞ്ഞ് പോകുകയാണന്നും മങ്കരയിൽ 19 വർഷമായി സ്ഥാപനം നടത്തുന്ന മങ്കര സ്വദേശി ഉത്തമൻ പറഞ്ഞു. തൊഴിൽ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ നടപടി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.