ഒറ്റപ്പാലം: വേനലിലെ സുഗമമായ ജലവിതരണം മുൻനിർത്തി മീറ്റ്ന തടയണയിലെ ഷട്ടറുകൾ പൂർണമായും അടച്ചു. ഭാരതപ്പുഴക്ക് കുറുകെയുള്ള തടയണയുടെ 26 ഷട്ടറുകളാണ് കഴിഞ്ഞ ദിവസം അടച്ചത്. ഇതോടെ തടയണ ജലസമൃദ്ധമായി. മഴക്കാലത്ത് തടയണ കരകവിഞ്ഞൊഴുകുന്നത് തടയുന്നതിന്റെ ഭാഗമായി തുറന്നിട്ട ഷട്ടറുകളാണ് അടച്ചത്.
ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ പഞ്ചായത്ത് പരിധികളിലെ വിശാലമായ പ്രദേശങ്ങളിലേക്കെത്തുന്ന കുടിവെള്ളത്തിന്റെ ഏക സ്രോതസാണ് മീറ്റ്ന തടയണ. തടയണയുടെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ വർഷം വെള്ളക്കുറവ് മൂലം പമ്പിങ് പ്രതിസന്ധി നേരിട്ടിരുന്നു. വേനലിന്റെ ആരംഭത്തിൽ സാമൂഹിക വിരുദ്ധർ തടയണയുടെ രണ്ട് ഷട്ടറുകൾ എടുത്ത് മാറ്റിയത് മൂലം വൻ തോതിൽ ജലം നഷ്ടമായി. വേനലിൽ ലഭിക്കേണ്ടിയിരുന്ന പതിവ് മഴയും ഇല്ലാതായി.
ഇതോടെയാണ് ജല വിതരണം പ്രതിസന്ധിയിലായത്. വരണ്ടുകൊണ്ടിരുന്ന തടയണയിലേക്ക് ഗായത്രി പുഴയിൽ നിന്നും ചാലുകീറി വെള്ളമെത്തിച്ചാണ് പമ്പിങ് പൂർവസ്ഥിതിയിലായത്. മന്ത്രി കെ. രാധാകൃഷ്ണനുമായി ഒറ്റപ്പാലം നഗരസഭ അധികൃതർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കൊണ്ടാഴി-കുത്താമ്പുള്ളി പാലത്തിന്റെ നിർമാണം നടന്നിരുന്ന സ്ഥലത്ത് കെട്ടിനിൽക്കുന്ന വെള്ളം ചാല് കീറി തടയണയിലെത്തിച്ചായിരുന്നു പ്രശ്നപരിഹാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.