വനംവകുപ്പ് സ്ഥാപിച്ച കാമറ

പുലിശല്യം: പൊതുവപ്പാടത്ത്​ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു

മണ്ണാർക്കാട്: കോട്ടോപ്പാടം പൊതുവപ്പാടത്ത് വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുന്നതിന് മുന്നോടിയായി വനംവകുപ്പ് കാമറക്കെണിയൊരുക്കി. പുലി എത്തിയതായി പറയുന്ന സ്ഥലത്ത് നാലിടങ്ങളിലായി കഴിഞ്ഞ ദിവസമാണ് വനപാലകര്‍ കാമറകള്‍ സ്ഥാപിച്ചത്. പ്രദേശത്ത് കൂട് സ്ഥാപിക്കാനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡ‍​െൻറ അനുമതി തേടിയിട്ടുണ്ട്. ലഭ്യമാകുന്ന മുറക്ക്​ കൂട് സ്ഥാപിക്കുമെന്ന് ഡി.എഫ്.ഒ അറിയിച്ചതായി കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അംഗം നിജോ വര്‍ഗീസ് പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ മേഖലയില്‍നിന്ന് പുലിയെ പിടികൂടിയിരുന്നു. ശേഷം പുലിശല്യത്തിന് ശമനം ഉണ്ടായിരുന്നു. എന്നാൽ, ദിവസങ്ങള്‍ക്ക് മുമ്പ് രാത്രിയില്‍ പുലിയെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയായിരുന്നു.

വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും വന്യജീവിയുടെ കാല്‍പാടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. താലൂക്കില്‍ മലയോര പഞ്ചായത്തുകളായ കോട്ടോപ്പാടം, കുമരംപുത്തൂര്‍, തെങ്കരയിലെ വനയോര പ്രദേശങ്ങളില്‍ പലയിടങ്ങളിലും പുലിഭീതി നിലനില്‍ക്കുന്നുണ്ട്.

തെങ്കരയില്‍ ചേറുംകുളം കല്‍ക്കടിയില്‍ പുലി ആടിനെ കൊന്നിരുന്നു. വനംവകുപ്പ് സ്ഥാപിച്ച കാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിയുകയും ചെയ്തിരുന്നു.

രണ്ടു ദിവസം മുമ്പ് തിരുവിഴാംകുന്ന് കരടിയോടില്‍ കൂട്ടില്‍ കെട്ടിയിട്ട ഗര്‍ഭിണിയായ ആടിനെ പുലി ആക്രമിക്കുകയും പകുതി ഭക്ഷിക്കുകയും ചെയ്തിരുന്നു. തിരുവിഴാംകുന്ന് മേഖലയില്‍ പലയിടങ്ങളിലായി പുലിയെ കണ്ടതായി പറയുന്നുണ്ട്. ഫാമില്‍ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് പുലി തമ്പടിക്കുന്നുണ്ടാകാമെന്ന നിഗമനത്തി‍െൻറ അടിസ്ഥാനത്തില്‍ വനപാലക സംഘം തിരച്ചില്‍ നടത്തുകയും പിന്നീട് കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് ഇതിനകം പുലി ഇരയാക്കിയത്. ആടുമാടുകളെ വളര്‍ത്തി ഉപജീവനം കണ്ടെത്തുന്ന വനയോര മേഖലയിലെ കര്‍ഷകരുടെ ഉറക്കം കെടുത്തിയാണ് പുലിയുടെ വിഹാരം. ഓരോ ദിവസം കഴിയുന്തോറും പുലിപ്പേടി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് ആവശ്യം.

Tags:    
News Summary - Tiger harassment: Surveillance cameras installed in public places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.