മണ്ണാർക്കാട്: ഇരു മുന്നണികൾക്കും ശക്തമായ വേരോട്ടമുള്ള കുമരംപുത്തൂർ പഞ്ചായത്തിൽ കൂടുതലും ഭരണസാരഥ്യത്തിൽ എത്തിയിട്ടുള്ളത് യു.ഡി.എഫ് ആണെങ്കിലും ഇടതുമുന്നണിയും ഒട്ടും പിന്നിലല്ല. പക്ഷെ, കഴിഞ്ഞ കാലങ്ങളിൽ ഇടതുമുന്നണിയിൽ സി.പി.എം -സി.പി.ഐ പോര് ആയിരുന്നു തലവേദനയെങ്കിൽ നിലവിൽ സി.പി.ഐ-സേവ് സി.പി.ഐ പോരും, കൂടാതെ സി.പി.എം പി.കെ. ശശി എഫക്റ്റും ഇടതുമുന്നണിക്ക് തീരാതലവേദന സൃഷ്ടിക്കുന്നുണ്ട് എന്നതാണ് സത്യം. സി.പി.ഐക്ക് വേരോട്ടമുള്ള മണ്ണാണ് കുമരംപുത്തൂർ. ഇവിടെ ഇടതുമുന്നണിയുടെ സാധ്യത ഇല്ലാതാക്കുന്ന സാഹചര്യമാണ്.
യു.ഡി.എഫിനകത്തും പഞ്ചായത്തിൽ അസ്വാരസ്യങ്ങൾ നിലവിലുണ്ട്. സീറ്റ് വിഭജനം പൂർത്തിയായെങ്കിലും സ്ഥാനാർഥി നിർണയം ലീഗിനും, കോൺഗ്രസിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. വിമത ഭീഷണിയും നിലവിലുണ്ട്. ഇരു മുന്നണികളിലും സീറ്റ് ധാരണയായി. പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ഇത്തവണ സ്ത്രീ സംവരണമാണ്. ഇടതുമുന്നണിയിൽ സി.പി.എം- 12, സി.പി.ഐ- 5. പൊതുസമ്മതർ -4 എന്നിങ്ങനെയാണ് ധാരണ. പി.കെ. ശശി എഫക്ടും സേവ് സി.പി.ഐ എഫക്ടും മറികടന്ന് ഏതു വിധേനയും ഭരണം പിടിക്കാൻ ഒറ്റക്കെട്ടായി നീങ്ങാനാണ് ഇടതുമുന്നണി തീരുമാനം.
യു.ഡി.എഫിൽ മുസ്ലിം ലീഗ് -11, കോൺഗ്രസ് -9, സി.എം.പി ഒരു സീറ്റിലും മത്സരിക്കും. നിലവിൽ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ പഞ്ചായത്ത് ഓഫിസ് കെട്ടിടം ആധുനിക രീതിയില്‍ നിർമിച്ചു, ജല്‍ ജീവന് മിഷന് പദ്ധതി പ്രകാരമുള്ള കുടിവെള്ള വിതരണത്തിനുള്ള പ്രവൃത്തികള്‍ 90 ശതമാനവും പൂര്‍ത്തീകരിച്ചു, അംഗൻവാടികള്‍ സ്മാര്‍ട്ടാക്കി, ലഭ്യമായ ഫണ്ടുകളെല്ലാം സമയബന്ധിതമായി ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്തില്‍ ഒന്നാമത്തെ പഞ്ചായത്തെന്ന നേട്ടമുണ്ടാക്കി, ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെട്ട എല്ലാവര്ക്കും വീടുകള്‍ അനുവദിച്ചു, ഹോമിയോ ഡിസ്പെന്‍സറി സ്ഥാപിച്ചു,
ചങ്ങലീരിയില് ആരോഗ്യഉപകേന്ദ്രം നിര്‍മാണം പൂര്‍ത്തിയാക്കി തുടങ്ങിയവ ഭരണനേട്ടമായി യു.ഡി.എഫ് ഉയർത്തി കാണിക്കുന്നു. എന്നാൽ, ഭവനപദ്ധതി ഗുണഭോക്താക്കളെ ഭരണസമിതി വഞ്ചിച്ചുവെന്നും പഞ്ചായത്ത് ഓഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നിട്ടുണ്ടെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു. ഉദ്യോഗസ്ഥ രാജാണ് പഞ്ചായത്തിലെന്നും കരാറുകാരുമായുള്ള തര്‍ക്കംമൂലം 2022-23 കാലയളവില്‍ ഒരുകോടി രൂപയുടെ പ്രവൃത്തികള്‍ നടത്താനായില്ലെന്നും ആരോപിക്കുന്നു. വീടുകള്‍ അനുവദിച്ച് എണ്ണംകൂട്ടാനുള്ള ശ്രമം മാത്രമാണുള്ളതെന്നും ഫണ്ടുകൾ കൃത്യമായി അനുവദിച്ചില്ലെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.