Representational Image
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മോട്ടോര്‍ വാഹനവകുപ്പ് സബ് റീജിയണൽ ഓഫിസില്‍ ജോയിന്റ് ആര്.ടി.ഒ.യുടെയും അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും ഒഴിവുകള്‍ നികത്താത്തത് മെല്ലെപ്പോക്കിന് കാരണമാകുന്നു. ആവശ്യത്തിന് ആളില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന ഓഫിസില്‍ നിന്നുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നത് കൂടാതെ ജോലി ഭാരത്തിനും കാരണമാകുന്നു. മണ്ണാർക്കാട് കൂടാതെ അട്ടപ്പാടി ട്രൈബല്‍ താലൂക്ക് മേഖലയിൽ വാഹനസംബന്ധമായ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുന്ന ഓഫിസാണിത്.
ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ജോയിന്റ് ആര്.ടി.ഒ.യുടെ അധികചുമതല നല്‍കിയിരിക്കുകയാണ്. ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് ജോയിന്റ് ആര്.ടി.ഒ വിരമിച്ചത്. ഇതോടെ ഈ തസ്തികയില്‍ ഒഴിവുവന്നു. ഹയര്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രമോഷന് കമ്മിറ്റി യോഗം ചേര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനം കയറ്റി നല്‍കിയാണ് ജോയിന്റ് ആര്.ടി.ഒ. തസ്തികയിലേക്ക് നിയമനം നടത്തേണ്ടത്. ഈ കമ്മിറ്റി യോഗം ചേരാന്‍ വൈകുന്നതിനാല്‍ മണ്ണാര്‍ക്കാട് ഉള്‍പ്പടെ പലയിടങ്ങളിലും ജോയിന്റ് ആര്.ടി.ഒ. തസ്തികയില്‍ ആളെത്തിയിട്ടില്ല. അഞ്ച് മാസമായി രണ്ട് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.
ഇതോടെ, മേലധികാരി ഉള്‍പ്പടെ മൂന്ന് പേരുടെ അപര്യാപ്തത കാരണം നിലവിലുള്ള രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും മറ്റ് ജീവനക്കാര്‍ക്കും നിന്നുതിരിയാന്‍ സമയമില്ലാത്ത അവസ്ഥയാണ്. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പിക്കാന്‍ സമയം നോക്കാതെ ജോലി ചെയ്യേണ്ടി വരുന്നു. ഓഫീസില്‍നിന്ന് വീട്ടിലെത്തിയാലും ഓണ്‍ലൈന്‍ വഴി ജോലി ചെയ്യേണ്ട അവസ്ഥയുമുണ്ട്. ഓഫീസിന് കീഴില്‍ നാല്‍പ്പതോളം ഡ്രൈവിംഗ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മണ്ണാര്‍ക്കാട് മേഖലയില്‍ തെങ്കരയിലും, അട്ടപ്പാടിയില്‍ ഗവ.ഐ.ടി.ഐ മൈതാനത്തുമാണ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്താറുള്ളത്. പ്രതിമാസം അറുനൂറോളം വാഹന പരിശോധനയും നടത്തിവരുന്നുണ്ട്. ആയിരത്തിലധികം പുതിയ ഡ്രൈവിങ് ലൈസന്‍സുകളും വിതരണം ചെയ്യുന്നു. ഇതിനുപുറമെ പുതിയ ആര്.സി. ബുക്കുകളുടെ വിതരണം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ നിറവേറ്റി നല്‍കാനുള്ള ജോലിതിരക്കിലാണ് ഇവിടുത്തെ ജീവനക്കാരെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.