മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത്അവിശ്വാസം പാസായി, പ്രസിഡന്‍റ് പുറത്തേക്ക്


മണ്ണാർക്കാട്: ഏറെ നാൾ നീണ്ട വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് സ്വന്തം പ്രസിഡന്‍റിനെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായി. അഡ്വ. സി.കെ. ഉമ്മുസൽമ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്തായി. അവിശ്വാസം ചർച്ചക്കെടുക്കുന്നതിന് തൊട്ടുമുമ്പ് വരെ നാടകീയ സംഭവങ്ങൾ നീണ്ടു. വരണാധികാരിയായ ജില്ല പഞ്ചായത്ത് സെക്രട്ടറിയിൽ വിശ്വാസമില്ലെന്ന് ഉമ്മുസൽമ പറഞ്ഞു. ഇത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതായും തന്റെ പരാതിയിൽ തീരുമാനമാകുന്നത് വരെ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കരുതെന്നും ചർച്ച ആരംഭിക്കുന്നതിന് മുമ്പ് ഉമ്മുസൽമ വരണാധികാരി രാമൻകുട്ടിയോട് രേഖാമൂലം ആവശ്യപ്പെട്ടു. എന്നാൽ, അവിശ്വാസ പ്രമേയ ചർച്ച നീട്ടിവെക്കാൻ കഴിയില്ലെന്ന് വരണാധികാരി അറിയിച്ചതോടെ ചർച്ചയിൽ പങ്കെടുക്കാതെ ഉമ്മുസൽമ പോയി. ചർച്ചയിൽ ഇടതുപക്ഷ അംഗമായ മീൻവല്ലം ഡിവിഷനിലെ ഓമന രാമചന്ദ്രനും കൃത്യസമയത്ത് എത്താൻ കഴിയാത്തതിനാൽ പങ്കെടുക്കാനായില്ല. 15 അംഗങ്ങളാണ് പങ്കെടുത്തത്. ഇതിൽ നാലിനെതിരെ 11 വോട്ട് നേടി പ്രസിഡന്റിനെതിരായ യു.ഡി.എഫ് അവിശ്വാസം പാസായി.

എട്ട് മാസത്തോളമായി നടക്കുന്ന വിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഉമ്മുസൽമ പുറത്താകുന്നത്. മുസ്ലിം ലീഗ് അംഗമായിരുന്ന ഉമ്മുസൽമയെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിൽ പാർട്ടി പുറത്താക്കിയിരുന്നു. ലീഗ് സംസ്ഥാന-ജില്ല നേതൃത്വങ്ങളെയും യു.ഡി.എഫിനെയും ഒരുപോലെ ആശങ്കയിലാക്കിയ നിലപാടുകളും നീക്കങ്ങളുമായിരുന്നു ഉമ്മുസൽമ എട്ടുമാസമായി നടത്തിയിരുന്നത്. ഹൈകോടതിവരെ എത്തിയ തർക്കം ക്രിമിനൽ കേസുകൾക്കും കാരണമായിരുന്നു. ഉമ്മുസൽമയുടെ ധാർഷ്ട്യത്തിനുള്ള മറുപടിയാണ് അവിശ്വാസമെന്നും പാർട്ടിയെയും നേതൃത്വത്തെയും അപമാനിച്ച് ഏതു വിധേനെയും സ്ഥാനത്ത് തുടരണമെന്ന ഉദ്ദേശ‍്യമാണ് ഇല്ലാതാക്കിയതെന്നും യു.ഡി.എഫ് നേതൃത്വം പ്രതികരിച്ചു. ഉമ്മുസൽമയെ പിന്തുണക്കാനുള്ള ഇടതുപക്ഷ തീരുമാനം അപഹാസ്യമായെന്ന് യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.

എന്നാൽ, സ്ത്രീയെന്ന പരിഗണന നൽകാതെ വ്യക്തിപരമായി അധിക്ഷേപിച്ച് പുറത്താക്കാനുള്ള നീക്കത്തിനെതിരായ നിലപാടാണ് തങ്ങളുടേതെന്ന് ഇടത് അംഗങ്ങളും പറഞ്ഞു. എന്നാൽ പ്രമേയ ചർച്ചയിൽ വരണാധികാരി നോട്ടീസ് നടത്തിപ്പിൽ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് ഉമ്മുസൽമ പറഞ്ഞു. അവിശ്വാസ നോട്ടീസുമായി ബന്ധപ്പെട്ട് ഹൈകോടതിയെയും തെരഞ്ഞെടുപ്പ് കമീഷനെയും തെറ്റിദ്ധരിപ്പിച്ചു. സെക്രട്ടറി അധ്യക്ഷനായി നടന്ന ചർച്ചയിലെ തീരുമാനത്തെ നിയമപരമായി നേരിടുമെന്നും ഉമ്മുസൽ‍മ പറഞ്ഞു. അവിശ്വാസം പാസായതായും നിലവിൽ ഉമ്മുസൽമ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീങ്ങിയതായും ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷൻ, ജില്ല കലക്ടർ, എ.ഡി.സി ജനറൽ ഉൾപ്പെടെയുള്ളവരെ അറിയിക്കുമെന്നും വരണാധികാരി എം. രാമൻകുട്ടി പറഞ്ഞു.

Tags:    
News Summary - Mannarkkad block panchayat no-confidence motion passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.