representative image
മണ്ണാര്‍ക്കാട്: നഗരത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. കേലന്‍തൊടി വീട്ടില്‍ അബ്ബാസ് (43), പെരിഞ്ചോളം വടക്കേമഠം വീട്ടില്‍ അനില്‍ബാബു (49) എന്നിവരെയാണ് തെരുവുനായ് ആക്രമിച്ചത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. ഇരുവരും പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. രാവിലെ എട്ടിന് പെരിഞ്ചോളം റോഡിലാണ് അബ്ബാസിന് തെരുവുനായുടെ കടിയേറ്റത്. നായെ കണ്ട് മദ്റസ വിദ്യാർഥികളുടെ ബഹളം കേട്ട് ബൈക്ക് നിര്‍ത്തിയ അബ്ബാസിനെ ഓടിയെത്തി ഇടതുകാലില്‍ കടിക്കുകയായിരുന്നു.
കൊടുവാളിക്കുണ്ട് റോഡില്‍ ദേശീയപാതയിലേക്ക് കയറുന്നതിനിടെയാണ് അനില്‍ ബാബുവിന് നേരെ ആക്രമണമുണ്ടായത്. ബൈക്കില്‍നിന്ന് വീണ അനിലിന്റെ ഇടതുകൈയില്‍ നായ് കടിച്ച് പരിക്കേല്പിച്ചു. ദേശീയപാതയിലൂടെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയും തെരുവുനായ്ക്കള്‍ വിഹരിക്കുന്നത് പതിവ് കാഴ്ചയാണ്.
കാല്‍നടക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കുമാണ് പ്രധാനമായും ഇവ ഭീഷണി. രാവിലെ പ്രഭാത സവാരിക്കിറങ്ങുന്നവര്‍ക്കും മദ്റസയിലേക്ക് പോകുന്ന വിദ്യാർഥികള്‍ക്കും നഗരത്തിലെ തെരുവുനായ്ക്കള്‍ പേടിസ്വപ്നമാണ്. തെരുവുനായ് ആക്രമണമുണ്ടായ സാഹചര്യത്തില്‍ കൊടുവാളിക്കുണ്ട് ചന്തപ്പടി തന്‍വീറുൽ ഇസ്ലാം ഹയര്‍ സെക്കൻഡറി മദ്റസക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തെരുവുനായ് ശല്യം നഗരത്തില്‍ വര്‍ധിച്ചുവരുന്നത് നഗരസഭക്കും തലവേദന തീര്‍ക്കുന്നുണ്ട്. 10 മാസം മുമ്പ് തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നഗരസഭയില്‍ ആരംഭിച്ചെങ്കിലും പൂര്‍ണമായിട്ടില്ല. സ്ക്വാഡില്ലാത്തതിനാല് വന്ധ്യംകരണ പ്രക്രിയ പാതിവഴിയില്‍ നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട നടപടികളുണ്ടാകാത്തതില്‍ നഗരസഭ അധികൃതരിലും അമര്‍ഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.