മണ്ണാര്‍ക്കാട്: 29 വാര്‍ഡുകളുള്ള മണ്ണാർക്കാട് നഗരസഭയിൽ പുനർ വിഭജനത്തിലൂടെ 30 വാർഡ് ആയി വർധിച്ചു. ആദ്യകാലങ്ങളിൽ യു.ഡി.എഫിന്റെ പ്രത്യേകിച്ചും മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായിരുന്നു മണ്ണാർക്കാട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സി.പി.എം കാര്യമായി സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യമുണ്ടായി. ഇക്കാലയളവിൽ ബി.ജെ.പി യും സ്വാധീനം വർധിപ്പിക്കുകയും ചെയ്തു.
പഞ്ചായത്തായിരുന്ന സമയത്ത് 2005ൽ ഭരണം സി.പി.എം കൈയിലെത്തുകയും ടി.ആർ. സെബാസ്റ്റ്യൻ പ്രസിഡന്റ് ആവുകയും ചെയ്തു. നഗരസഭയായതിന് ശേഷം ഭരണം യു .ഡി.എഫിന്റെ കൈയിലാണെങ്കിലും 2015 ൽ തുല്യ ശക്തികളായതിനെ തുടർന്ന് നറുക്കെടുപ്പിലാണ് ചെയർമാൻ സ്ഥാനം യു.ഡി.എഫിന് ലഭിച്ചത്. വൈസ് ചെയർമാൻ ഇടതിനായിരുന്നു. ലീഗിലെ സി. മുഹമ്മദ് ബഷീർ ആണ് നഗരസഭ ചെയർമാൻ. വാർഡുകളിൽ സംവരണം വന്നപ്പോൾ പ്രമുഖർ പലരും മത്സരിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയിലാണ്. ചെയർപേഴ്സൺ പദവി വനിത സംവരണവുമാണ്.
നഗരത്തിന്റെ സൗന്ദര്യ വത്കരണം തന്നെയാണ് യു.ഡി.എഫ് ഉയർത്തിക്കാണിക്കുന്ന പ്രധാന നേട്ടം. ഉറവിട മാലിന്യസംസ്കരണത്തിന് നഗരസഭ ഏറെ പ്രാധാന്യം കൊടുക്കുന്നു. അജൈവമാലിന്യം ശേഖരിക്കാനും സംസ്കരിക്കാനുമുള്ള എം.സി.എഫുകളും നഗരസഭയിലുണ്ട്. എല്ലാവീടുകളിലും സൗജന്യമായി ബയോബിന്നുകളും റിങ് കമ്പോസ്റ്റുകളും നല്കി. പട്ടണത്തില്‍ മാലിന്യം തള്ളുന്നത് തടയാനും സുരക്ഷിതത്വം മുന്‍നിര്‍ത്തി 60 ലക്ഷംരൂപ ചിലവില്‍ ക്യാമറകളും സ്ഥാപിച്ചതും നേട്ടമായി യു.ഡി.എഫിന് പറയാനുണ്ട്. നാഗരാരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചതും, അഹമ്മദ് കുരിക്കൾ സ്മാരക ലൈബ്രറി, സ്മാർട് അംഗണ വാടികൾ, കുടിവെള്ളത്തിനായി അമൃത് പദ്ധതി എന്നിവയും നേട്ടമായി എണ്ണുന്നു.
എന്നാൽ, അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നും,വന്‍കിട പദ്ധതികള്‍മാത്രമാണ് അഞ്ചുവര്‍ഷത്തില്‍ അവതരിപ്പിച്ചതെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു. ജനങ്ങളെ സാമ്പത്തികമായി നെരിക്കുന്ന തരത്തിൽ അമിത നികുതി ഈടാക്കുകയും മാത്രമല്ല നിയമപ്രാബല്യമില്ലാതെ കുടിശിക എന്ന പേരിൽ അമിതനികുതി അടിച്ചേല്‍പ്പിക്കുകയും ചെയ്തു. പദ്ധതിവിഹിതവും പൂര്‍ണമായി വിനിയോഗിച്ചില്ലെന്നും, അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമാണ് ഭരണസമിതി നടത്തുന്നതെന്നും, നിലവിലെ ഭരണസമിതി ലൈഫ് ഭവനപദ്ധതിയില്‍ ഇതുവരെ ഒരുവീടുപോലും ആര്‍ക്കും നല്‍കിയില്ലെന്നും ഇടതു മുന്നണി ആരോപിക്കുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സി.പി.എം ശക്തമായ വിമത ഭീഷണി നേരിടുന്നുണ്ട്.
ഇടതുമുന്നണിയിൽ സീറ്റ് ധാരണ ആയിട്ടില്ല. കഴിഞ്ഞ തവണ സി.പി.എം -സി.പി.ഐ പാർട്ടികൾ പരസ്പരം മത്സരിച്ചിരുന്നു. യു.ഡി.എഫിൽ സീറ്റ് വിഭജനം നേരത്തെ പൂർത്തിയാക്കി. പല വാർഡുകളിലും സ്ഥാനാർഥി നിർണയവും പൂർത്തിയാക്കി പ്രചരണവും ആരംഭിച്ചു കഴിഞ്ഞു. ലീഗ് 17, കോൺഗ്രസ് 11, കേരള കോൺഗ്രസ് ജോസഫ് ഒന്ന്, ആർ.എസ്.പി ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. പല വാർഡുകളിലും ഇത്തവണ മത്സരം കനക്കുമെന്ന് തന്നെയാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.