കുമരംപുത്തൂർ ചുങ്കം മുതൽ കുന്തിപ്പുഴ വരെ ഭാഗങ്ങളിലെ നിർമാണ പ്രവൃത്തികൾ ഏപ്രിൽ അവസാനത്തോടെ പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദേശീയപാത വിഭാഗം. കുമരംപുത്തൂര്‍ ചുങ്കം ജങ്ഷന്‍ വിപുലീകരിച്ച് മൂന്നുവരി പാതയായാണ് ഒരുക്കുന്നത്. ഇതിന് സ്ഥലം ഏറ്റെടുത്ത് അഴുക്കുചാൽ നിർമാണം ആരംഭിച്ചു. ചുങ്കം ജങ്ഷനിൽ ട്രാഫിക് ഐലൻഡ്, ഡിവൈഡറുകൾ എന്നിവ ഉൾപ്പെടെയാണ് പൂർത്തിയാക്കുന്നത്.
ദേശീയപാത നിർമാണ പ്രവർത്തനം മുടങ്ങിയതു മൂലം ഗതാഗത പ്രശ്നം രൂക്ഷമായ എം.ഇ.എസ് കല്ലടി കോളജ് പരിസരത്തെ സ്ഥലമേറ്റെടുപ്പ് പ്രശ്നം പരിഹരിച്ചു. കോളജിന്‍റെ ഭാഗത്ത് റോഡ് ഉയര്‍ത്തിയ നിലയിലാണ് ഉള്ളത്. പുതിയ സ്ഥലം വിട്ടു കിട്ടിയ സാഹചര്യത്തില്‍ താഴ്ത്തി പ്രവൃത്തി നടത്തുന്നതിനുള്ള അധിക സാമ്പത്തിക ബാധ്യതയും പ്രശ്നമായിരുന്നു. ഇതുസംബന്ധിച്ച് ഗതാഗത, ഹൈവേ മന്ത്രാലയത്തിലേക്ക് രണ്ടുവർഷം മുമ്പ് സമർപ്പിച്ചിരുന്ന പദ്ധതിരേഖക്ക് അനുമതിയായതായാണ് വിവരം. ഇതുസംബന്ധിച്ച് അനുമതി കത്ത് ലഭിച്ചാലുടൻ പണി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടൊപ്പം ഈ ഭാഗത്തെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചുള്ള പ്രശ്നവും പരിഹരിച്ചു.
ഒരാഴ്ചക്കുള്ളിൽ പണികൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയപാത വിഭാഗം പറഞ്ഞു. ഇത് കൂടാതെ ആര്യമ്പാവ് ഭാഗത്ത് കെ.ടി.ഡി.സിക്ക് സമീപം നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. നിലവിൽ കുമരംപുത്തൂർ-വട്ടമ്പലത്ത് മാത്രമാണ് സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചുള്ള തർക്കം നിലനിൽക്കുന്നത്. ഇതുകൂടി പരിഹരിക്കപ്പെട്ടാൽ ദേശീയപാതയുടെ നിലവിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെടും. നാലുവർഷം മുമ്പാണ് ദേശീയപാത വികസനം ആരംഭിച്ചത്. 173 കോടി ചെലവിൽ നാട്ടുകൽ മുതൽ താണാവ് വരെയുള്ള 46 കിലോമീറ്ററാണ് നവീകരിക്കാൻ ആരംഭിച്ചത്. ഇതിൽ 66 ഇടങ്ങളിലായി 9.2 കിലോമീറ്റർ ദൂരമാണ് സ്ഥലമേറ്റെടുപ്പിൽ കുടുങ്ങി നവീകരണം തടസ്സപ്പെട്ടിരുന്നത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വിഷയം 99 ശതമാനവും ഹിയറിങ് നടത്തി പരിഹരിച്ച് പൊതുമരാമത്ത് വകുപ്പിന് കൈമാറി. രേഖകള്‍ ഹാജരാക്കിയവര്‍ക്ക് നഷ്ടപരിഹാരവും നല്‍കിയതായാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.