പാലക്കാട്: ജില്ലയിലെ സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് ചൂട് അതിന്റെ പാരമ്യത്തിലെത്തി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിൽ അവശേഷിക്കുന്നവർ 15 പേർ മാത്രം. പാലക്കാട് 10ഉം ആലത്തൂരിൽ അഞ്ച് സ്ഥാനാർഥികളുമാണ് അന്തിമപട്ടികയിൽ ഉൾപ്പെട്ടത്. പാലക്കാട് ലോക്സഭ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. രാജേഷ് നാമനിർദേശ പത്രിക പിൻവലിച്ചു.
അന്തിമപട്ടികയിലെ സ്ഥാനാർഥികൾക്കുള്ള ചിഹ്നങ്ങൾ അനുവദിച്ചപ്പോൾ പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന് കൈപത്തിയും എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവന് ചുറ്റിക അരിവാൾ നക്ഷത്രവും എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന് താമരയും ബി.എസ്.പി സ്ഥാനാർഥി കെ.ടി. പത്മിനിക്ക് ആനയും ലഭിച്ചു. സ്വതന്ത്രരായ അന്നമ്മ കുര്യാക്കോസ്, സി. രാജമാണിക്യം കെ. രാജേഷ്, എം. രാജേഷ് ആലത്തൂര്‍, എന്‍.എസ്.കെ. പുരം ശശികുമാര്‍, സിദ്ദിഖ് ഇരുപ്പശ്ശേരി എന്നിവർക്ക് യഥാക്രമം ബാറ്ററി ടോർച്ച്, ഗ്യാസ് സിലിണ്ടർ, വജ്രം, ഓട്ടോറിക്ഷ, കരിമ്പ് കർഷകൻ, ചക്ക എന്നിവയും ചിഹ്നങ്ങളായി ലഭിച്ചു.
ആലത്തൂർ മണ്ഡലത്തിൽ സ്വതന്ത്രൻ ഉൾപ്പെടെ അഞ്ച് സ്ഥാനാർഥികളാണ് അവശേഷിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് കൈപത്തിയും എൽ.ഡി.എഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണന് ചുറ്റിക അരിവാൾ നക്ഷത്രവും എൻ.ഡി.എ സ്ഥാനാർഥി ടി.എന്‍. സരസുവിന് താമരയും ബി.എസ്.പി സ്ഥാനാർഥി ഹരി അരുമ്പിലിന് ആനയും സ്വതന്ത്രനായ വി. കൃഷ്ണന്‍കുട്ടിക്ക് വജ്രവും ചിഹ്നങ്ങളായി ലഭിച്ചു. സ്ഥാനാർഥികളും ചിഹ്നങ്ങളും ആയതോടെ ഇനിവരുന്ന നാളുകൾ സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും കൂടുതൽ ചൂടേറിയതാവും.
പാലക്കാട്: ജില്ലയില്‍ ആകെ 23,15,990 വോട്ടര്‍മാര്‍. ഇതില്‍ 45,687 പേര് കന്നി വോട്ടര്‍മാരാണ്. ഇത്തവണയും ജില്ലയിൽ സ്ത്രീവോട്ടർമാരാണ് കൂടുതൽ. ആകെ 11,31,562 പുരുഷന്മാരും 11,84,406 സ്ത്രീകളുമാണ്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള 18,285 പേരും 22 ഭിന്നലിംഗക്കാരും 11,369 ഭിന്നശേഷിക്കാരും പട്ടികയിലുണ്ട്.
പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 13,98,143 ആണ്. അതിൽ 29,793 പേർ കന്നിവോട്ടര്‍മാരാണ്. 6,82,281 പുരുഷന്മാരും 715849 സ്ത്രീകളും മണ്ഡലത്തിലുണ്ട്. 13 ഭിന്നലിംഗക്കാരും 5,125 ഭിന്നശേഷിക്കാരും 85 വയസ്സിനു മുകളില്‍ പ്രായമുള്ള 11,636 പേരും വോട്ടര്‍ പട്ടികയിലുണ്ട്.
ആലത്തൂര്‍ മണ്ഡലത്തില്‍ 13,37,496 വോട്ടര്‍മാരാണുള്ളത്. കന്നിവോട്ടര്‍മാര്‍ 23,762 പേരാണ്. ഇതില്‍ 6,48,437 പുരുഷന്മാരും 6,89,047 സ്ത്രീകളുമാണ്. 12 ഭിന്നലിംഗക്കാരും 12,626 ഭിന്നശേഷിക്കാരും 85 വയസ്സിനുമുകളില്‍ പ്രായമുള്ള 17,383 പേരും പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.