കൂറ്റനാട്: 1964ല്‍ പഞ്ചായത്തിന്റെ തുടക്കം മുതല്‍ പകരക്കാരില്ലാതെ ഭരണം കൊണ്ടുപോയ സി.പി.എമ്മിന് അടിപതറിയത് ഒറ്റത്തവണ. സി.പി.എം ഉരുക്കുകോട്ട എന്ന് വിശേഷിപ്പിക്കുന്ന തിരുമിറ്റക്കോട് പഞ്ചായത്തില്‍ 2010-‘15ല്‍ ഭരണമാറ്റമുണ്ടായി. കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി സംയുക്ത നിലപാടും സി.പി.എമ്മിലെ പൊട്ടിത്തെറികളും യു.ഡി.എഫിനെ അധികാരം കൈയിലൊതുക്കാൻ സഹായിച്ചു. 17ലെ 10വാര്‍ഡുകള്‍ പിടിച്ചാണ് സഖ്യത്തിന്റെ വിജയം.
കോണ്‍ഗ്രസിലെ പി. റഷീദയാണ് പ്രസിഡന്റായത്. തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പില്‍ ഇതരപാർട്ടികള്‍ പരസ്യമായി സഖ്യധാരണ വെളിപ്പെടുത്തി നേരിട്ടെങ്കിലും അവിടെ സി.പി.എം ഭരണം നിലനിര്‍ത്തി. എന്നാല്‍ 2010ല്‍ രഹസ്യധാരണയിലൂടെ അങ്കം കുറിച്ചതാണ് പാര്‍ട്ടിക്ക് പിഴച്ചത്.
രായമംഗലം രണ്ടാം വാര്‍ഡിലെ വിപിലേഷ് ഒഴിച്ചാല്‍ എല്ലാവരും പുതുമുഖങ്ങളാണ്. എന്നാല്‍ സി.പി.എമ്മിനെതിരെ രണ്ടിലും 14ലുമായി രണ്ടിടത്ത് സി.പി.ഐ ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട്. മുന്‍ അംഗവും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ രവീന്ദ്രന് ചാത്തന്നൂരിലും മുന്‍ അംഗം സുമയ്യ കറുകപുത്തൂരിലും നില്ക്കുന്നതൊഴിച്ചാല് പുതുമുഖങ്ങളാണ് യു.ഡി.എഫിനും. 15 കോണ്‍ഗ്രസും അഞ്ച് ലീഗുമായാണ് സീറ്റുധാരണ. മുസ്ലിം ഭൂരിപക്ഷമുള്ള നാലാംവാര്‍ഡില്‍ എസ്.ഡി.പി.ഐ മത്സരത്തിനുണ്ട്. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അഞ്ച് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. 20വാര്‍ഡുകളില്‍ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ 13ലും 19ലും ബി.ജെ.പി സ്ഥാനാർഥികളില്ല.
കോണ്‍ഗ്രസിനകത്തെ ചില പ്രശ്നങ്ങളാല്‍ ഒന്നാം വാര്‍ഡ് നെല്ലിക്കാട്ടിരി ഉള്‍പ്പടെ ചിലയിടങ്ങളില്‍ വിമതശല്യമുണ്ട്. ഭരണത്തിലെ പാകപ്പിഴകളാണ് പ്രതിപക്ഷമായ യു.ഡി.എഫിന്റെ ആരോപണം. അഞ്ച് വര്‍ഷംകൊണ്ട് എസ്.സി ഫണ്ട് ചെലവഴിക്കാത്തതിനാല്‍ 10 കോടി നഷ്ടമായി. കാല്‍നൂറ്റാണ്ടിന് മുമ്പ് ഉദ്ഘാടനം ചെയ്ത ശ്മശാനം കഴിഞ്ഞമാസം വീണ്ടും ഉദ്ഘാടനം ചെയ്തു.
പാചകവാതക രീതിയിലാണ് സജ്ജീകരിച്ചതെങ്കിലും മതിയായ ജീവനക്കാരില്ലാതെയും മറ്റു രേഖകളുടെ അഭാവത്താലും പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. മൂന്ന് വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കാനുള്ള നടപടി പൂര്‍ത്തീകരിക്കാതെ കിടക്കുകയാണെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി. വെറ്ററിനറി കേന്ദ്രവും കാര്യക്ഷമമല്ല. സ്ഥിരമായി കൃഷി ഓഫിസറില്ലാതെ മൂന്ന് വര്‍ഷമായി കര്‍ഷകര്‍ ദുരിതത്തിലാണ്. രണ്ട് വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് തിരുമിറ്റക്കോട്. ഭരണമാറ്റമുണ്ടാവില്ലെന്ന കണക്കുകൂട്ടലിലാണ് ഇടതെങ്കിലും 2010 ആവര്‍ത്തിക്കാനുള്ള ശ്രമം മുന്നണികള്‍ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.