കൂറ്റനാട്: പഞ്ചായത്ത് നിലവില്‍ വന്നതില്‍പ്പിന്നെ ഭരണചക്രം തിരിക്കുന്നത് ഇടതുപക്ഷമാണ്. ഒരിക്കല്‍പോലും ഇതരപാര്‍ട്ടികള്‍ക്ക് ആ അധികാര മധുരം നുകരാന്‍ സാധ്യമായില്ലെന്നത് നാഗലശ്ശേരിയെ സംബന്ധിച്ച് ചരിത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 17 വാര്‍ഡില്‍ മൂന്നെണ്ണത്തില്‍ മാത്രമേ കോണ്‍ഗ്രസിന് വിജയിക്കാനായുള്ളൂ. ബി.ജെ.പിക്ക് ഒരു വാര്‍ഡ് ലഭിച്ചു.
ഇവിടെ തൊഴുക്കാട് എട്ടാം വാര്‍ഡില്‍ സി.പി.എമ്മിന്റെ ഡോ. നിഷ വാര്യരും ബി.ജെ.പിയുടെ ഷീബയും 415 വോട്ട് വീതം നേടി ഒപ്പമെത്തി. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ബി.ജെ.പിയെ ഭാഗ്യം തുണച്ചു. ഇത്തവണ ഭരണസമിതിയുടെ പ്രവര്‍ത്തനം വേണ്ടത്ര കാര്യക്ഷമമായില്ലെന്ന ആരോപണം ഉയര്‍ന്നു. ബസ് സ്റ്റാൻഡ് ഭൂമി വിൽപന, ബസ് സ്റ്റാൻഡിനുള്ളില്‍ മാലിന്യം തള്ളൽ എന്നിവ ഭരണസമിതിക്കെതിരെ ജനവികാരം ഉയരാന്‍ കാരണമായി. അഴിമതിയുടെ പേരില്‍ വി.ഇ.ഒയെ പുറത്താക്കിയ നടപടിയടക്കം വലിയ കോലാഹലം സൃഷ്ടിച്ചു.
കോണ്‍ഗ്രസ് ഘടകകക്ഷിയായ മുസ്ലിം ലീഗിന് നാഗലശ്ശേരിയില്‍ പ്രാതിനിധ്യമില്ല. സി.പി.എമ്മിനെതിരെ വാർഡ് 14, 18 ലും സി.പി.ഐ സ്ഥാനാർഥികളെ നിര്‍ത്തിയിട്ടുണ്ട്. നാലാംവാര്‍ഡ് ചാഴിയാട്ടിരിയില്‍ സി.പി.എം വനിത സ്ഥാനാർഥി നാമനിർദേശ വേളയില്‍ വോട്ടര്‍പട്ടികയില്‍ പേരില്ലെന്നതിനാല്‍ പുറത്തായി. ഇവിടെ സി.പി.എം മൂന്നാം സ്ഥാനത്താണെന്നതിനാല്‍ പാര്‍ട്ടിയിലെ ഉത്തരവാദിത്വപ്പെട്ടവര്‍ അലസത കാണിച്ചെന്നതാണ് വിമര്‍ശനം. ഒമ്പതിടങ്ങളില്‍ രണ്ടാം സ്ഥാനം പങ്കിടുന്ന ബി.ജെ.പിയെ സഹായിക്കാന്‍ കോണ്‍ഗ്രസിനകത്തും സി.പി.എമ്മിലും അന്തര്ധാരയുള്ളതായി ആരോപണമുണ്ട്.
നിലവില്‍ 17ല്‍ 13 സി.പി.എം, മൂന്ന് കോണ്‍ഗ്രസ്, ഒരു ബി.ജെ.പിയും എന്നതാണ് കക്ഷിനില. 19 വാര്‍ഡായി ഉയര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മുന്‍ അംഗം ഗിരിജയെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്നത്. 11 മതുപുള്ളിയില് അഡ്വ.ഷര്ജത്ത്, കൂറ്റനാട് ഒന്നാം വാര്‍ഡില്‍ കെ.വി. നൗഷാദ് എന്നിവരെയൊഴിച്ചാല് പുതുമുഖങ്ങളാണ് ഏറെയും. സി.പി.എം ആവട്ടെ നാലാംവാര്‍ഡില്‍ ബി.ജെ.പിയോട് സമനിലയിലെത്തിയ ഡോ.നിഷ വാര്യരെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. ഭരണസമിതിയിലെ മറ്റാര്‍ക്കും രണ്ടാംതവണ അവസരം നല്‍കാതെ പുതുമുഖങ്ങളാണ് മത്സരരംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.