കല്ലടിക്കോട്: ഇന്ത്യൻ പ്രതിരോധ മേഖലക്ക് വൻ മുതൽക്കൂട്ടായ ആൻറി ഡ്രോൺ പ്രതിരോധ സംവിധാനം നിർമിച്ചു ശാസ്ത്രലോകത്തിന് സാങ്കേതിക വിദ്യയുടെ പുതു സംഭാവന അർപ്പിച്ചിരിക്കുകയാണ് കരിമ്പ സ്വദേശിയായ ജെ.പി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫറമേഷൻ ടെക്നോളജിയിൽ (ജെ.ഐ.ഐ.ടി.) നിന്ന് ബി. ടെക് ബിരുദം നേടിയ മുഹമ്മദ് അൻസിൽ.
മേക്ക് ഇൻ ഇന്ത്യ സാങ്കേതിക വിദ്യ നിദാനമാക്കി മാതൃകപരമായ കണ്ടുപിടിത്തമാണ് യുവാവിന്റെത്. അവസാന വർഷ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ പ്രോജക്ടാണ് പുതിയ കണ്ടുപിടിത്തത്തിന് വഴിയൊരുക്കിയത്. വിദ്യാർഥിയുടെ ആൻറി ഡ്രോൺ സിസ്റ്റം നിർമാണ ചെലവ് കുറഞ്ഞതും വീണ്ടും ഉപയോഗിക്കാൻ പര്യാപ്തമായതുമാണെന്ന സവിശേഷതയുണ്ട്.
യുവ ശാസ്ത്രലോകത്തിന് പ്രചോദനം പകരുന്ന വിധത്തിൽ കാര്യക്ഷമതയിലും മികവിലും മുൻപന്തിയിലാണ്. സംവിധാനത്തിന് മുഖ്യമായും രണ്ട് ഘടകങ്ങളാണുള്ളത്. ഗ്രൗണ്ട് ബേസ് ട്രാക്കിങ് യൂനിറ്റും എയർബോൺ ഇന്റർസെപ്ഷൻ യൂനിറ്റും. ഗ്രൗണ്ട് യൂനിറ്റിൽ ഉയർന്ന റെസല്യൂഷൻ കാമറയും ഓപൺ സോഴ്‌സ് അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ വിഷൻ അൽഗോരിതവും. ഇത് സംശയ സാഹചര്യത്തിലുള്ള ഡ്രോണിനെ തിരിച്ചറിഞ്ഞ് ട്രാക്ക് ചെയ്യും.
ഡ്രോണിന്റെ കൃത്യമായ സ്ഥാനം ഉറപ്പാക്കാൻ പെൻ-ടിൽറ്റ് സെർവോയും ലേസർ പോയന്ററും ഉപയോഗിക്കുന്നു. ലക്ഷ്യങ്ങളുടെ കോഓഡിനേറ്റുകൾ ദീർഘദൂര ആശയവിനിമയത്തിലൂടെ എയർബോൺ യൂനിറ്റിലേക്ക് അയക്കും. ഇതിലെ എയർബോൺ ഇന്റർസെപ്ഷൻ യൂനിറ്റ്, ശത്രു ഡ്രോണിനെ ഇലക്ട്രോമാഗ്നെറ്റിക് റിലീസ് സിസ്റ്റം വഴി യഥാസമയം വേർതിരിച്ച് ലക്ഷ്യ ഡ്രോണിനെ നിർജ്ജീവമാക്കുമെന്ന് മുഹമ്മദ് അൻസിൽ പറഞ്ഞു.
ഡ്രോൺ ദൗത്യം പൂർത്തിയാക്കി സുരക്ഷിതമായി ബേസ് പ്ലാറ്റ്‌ഫോമിലേക്ക് മടങ്ങുകയും ചെയ്യുമെന്ന പ്രത്യേകതയുണ്ട്. കരിമ്പ കോരംകുളം അബ്ദുലത്തീഫിന്റെയും സബീനയുടെയും മകനാണ് മുഹമ്മദ് അൻസിൽ. സഹോദരൻ ആദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.