പട്ടാമ്പി: ജില്ല പഞ്ചായത്ത് മുതുതല ഡിവിഷനിൽ പോരാട്ടം കനക്കുന്നു. കൊപ്പം സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ നെടുങ്ങോട്ടൂർ താഴിയപ്പറമ്പിൽ ടി.പി. അഹമ്മദാണ് എൽ.ഡി.എഫ് സ്ഥാനാർഥി. സി.പി.എം ആദ്യകാല നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന ടി.പി. സെയ്താലിക്കുട്ടിയുടെ മകനാണ്. സി.പി.എം പട്ടാമ്പി ഏരിയ കമ്മിറ്റി അംഗം, സി.ഐ.ടി.യു പട്ടാമ്പി ഡിവിഷൻ കമ്മിറ്റി അംഗം, നിർമാണ തൊഴിലാളി സി.ഐ.ടി.യു പട്ടാമ്പി ഏരിയ വൈസ് പ്രസിഡന്റ്, സി.ഐ.ടി.യു തിരുവേഗപ്പുറ പഞ്ചായത്ത് കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ടി. അഹമ്മദിന്റെ കന്നിയങ്കമാണിത്.
എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി യൂത്ത് ലീഗ് പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡന്റ് പദത്തിലെത്തി നിൽക്കുന്ന ഇസ്മായിൽ വിളയൂർ യു.ഡി.എഫ് സ്ഥാനാർഥിയായി മുതുതല ഡിവിഷനിൽ ജനവിധി തേടുന്നു. രാഷ്ട്രീയ കഥാപ്രസംഗ വേദികളിൽ തിളങ്ങി നിന്നിരുന്ന ഇസ്മായിൽ നല്ലൊരു പ്രഭാഷകനാണ്. വിളയൂർ പഞ്ചായത്തിലെ കുപ്പൂത്ത് വള്ളിക്കുന്നത്ത് മുഹമ്മദ് മൗലവിയുടെ മകൻ ഇസ്മായിലും കന്നി മത്സരത്തിനാണ് കളത്തിലിറങ്ങിയിരിക്കുന്നത്. ഭാര്യ തസ്ലീമ ഇസ്മായിൽ കഴിഞ്ഞ പട്ടാമ്പി ബ്ളോക് പഞ്ചായത്ത് ഭരണസമിതിയിൽ അംഗമായിരുന്നു.
നാലു തവണ മുതുതല ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച മുഴുവൻ സമയ രാഷ്ട്രീയക്കാരനായ ടി. കൃഷ്ണൻകുട്ടിയാണ് ജില്ല പഞ്ചായത്ത് മുതുതല ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർഥി.2000 ൽ ഗ്രാമപഞ്ചായത്ത് അംഗമായിട്ടുണ്ട്. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, യുവമോർച്ച നിയോജക മണ്ഡലം കൺവീനർ എന്ന നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റാണ്. പൊതുപ്രവർത്തനത്തിനിടെ വിവാഹം മറന്ന ജനസേവകൻ കൂടിയാണ് മുതുതല തിരുത്തൊടി കൃഷ്ണൻകുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.