ആൻറിജെൻ ടെസ്​റ്റ്​: 563 പേർക്കും നെഗറ്റിവ്

പൊന്നാനി താലൂക്കിന്​ ആശ്വാസം പൊന്നാനി: കോവിഡ് വ്യാപന സാധ്യത ഏറെയുള്ള പൊന്നാനി താലൂക്കിൽ നടത്തിയ ആൻറിജെൻ ടെസ്​റ്റിൽ 563 പേരുടെയും ഫലം നെഗറ്റിവ്​. എല്ലാവരുടെ ഫലം നെഗറ്റിവായത് ഏറെ ആശ്വാസമായി. ആരോഗ്യ പ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും പരിശോധനയാണ് നടന്നത്. ബാക്കിയുള്ളവരുടെ പരിശോധന തിങ്കളാഴ്​ച നടക്കും. പൊന്നാനി താലൂക്ക്​ ആശുപത്രി, ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ 52 ഫലം നെഗറ്റിവായി. വട്ടംകുളം പഞ്ചായത്തിലെ 33 പേരുടെയും എടപ്പാൾ പഞ്ചായത്തിലെ 78 പേരുടെയും കാലടി പഞ്ചായത്തിലെ 65 പേരുടെയും തവനൂരിൽ 105 പേരുടെയും ആലങ്കോട് പഞ്ചായത്തിൽ 173 പേരുടെയും മാറഞ്ചേരി പഞ്ചായത്തിലെ 44 പേരുടെയും വെളിയങ്കോട് പഞ്ചായത്തിലെ 36 പേരുടെയും നന്നംമുക്കിൽ 30 പേരുടെയും ആൻറിജെൻ ടെസ്​റ്റാണ്​ നടന്നത്​. പെരുമ്പടപ്പ് പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരിൽ മൂന്നുപേർ ക്വാറൻറീനിലായതിനാൽ ടെസ്​റ്റ്​ കിറ്റുകൾ എത്തിക്കാൻ കഴിയാത്തതിനാൽ പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം, 1500ഓളം പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ഇത് മഞ്ചേരിയിലേക്ക് അയക്കും. പൊതുപ്രവർത്തകരുടെ ആൻറിജൻ ടെസ്​റ്റ്​ തിങ്കളാഴ്​ച നടക്കും. കോവിഡ് പ്രതിരോധ രംഗത്തെ പൊലീസ്, ട്രോമോകെയർ, അവശ്യ സർവിസ്​ രംഗത്തുള്ളവർ, പൊതുപ്രവർത്തകർ എന്നിവരുടെ പരിശോധന നടക്കും. മൂന്നാം ഘട്ടത്തിൽ വീടുകൾ കയറിയിറങ്ങിയുള്ള പരിശോധനയുമുണ്ടാകും. നാലാം ഘട്ടത്തിൽ 60 അതിഥി തൊഴിലാളികളെ പരിശോധിക്കും. ഫലം അരമണിക്കൂറിനകം അറിയാൻ കഴിയുമെന്നതാണ് ഈ ടെസ്​റ്റി​ൻെറ പ്രത്യേകത. മൂക്കിൽനിന്ന്​ സ്രവമെടുത്താണ് പരിശോധന നടത്തുക. താലൂക്കിൽ 9000 പേരുടെ സ്രവ പരിശോധന ഇതുവഴി നടത്തും. ഒരു വീട്ടിൽനിന്ന് ഒരാളെന്ന നിലയിൽ വീടുകൾ തോറും കയറിയിറങ്ങിയാണ് പരിശോധന നടക്കുക. ആദ്യഘട്ടത്തിൽ പൊന്നാനി നഗരസഭയിൽ മാത്രം 20 വാർഡുകളിൽ പരിശോധന നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.